firoz

കൊച്ചി: ചാരിറ്റി പ്രവർത്തനം താൻ വീണ്ടും ആരംഭിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് രംഗത്തുവന്ന സാമൂഹിക പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിലിനെതിരെ പരിഹാസവുമായി അഭിഭാഷകൻ ഹരീഷ് വാസുദേവ്. വിദേശരാജ്യങ്ങളിൽ നിന്നും വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയാണ് ഫിറോസ് ഇപ്പോൾ 'പിരിവുകൾ' നടത്തുന്നതെന്ന് ആരോപിക്കുന്ന അഭിഭാഷകൻ ഫിറോസ് ആളുകളുടെ മനസിലെ നന്മ പണമായി 'ഊറ്റുക'യാണെന്നും ആരോപിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഹരീഷ് വാസുദേവ് ഈ പരാമർശങ്ങൾ നടത്തിയത്. നോമ്പ് കാലമായത് കൊണ്ട് ഫിറോസിന് ഇരകളെ കിട്ടാൻ ബുദ്ധിമുട്ടില്ലെന്നും അഭിഭാഷകൻ പറയുന്നു. ഭക്ഷണകിറ്റ് വിതരണം ചെയ്യാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ഫിറോസിന്റെ ഒരു പരിപാടിയുടെ പോസ്റ്റർ കൂടി ഹരീഷ് വാസുദേവൻ തന്റെ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുകളിലായി 'എക്സ്' എന്ന് വരച്ചുചേർത്ത രീതിയിലാണ് പോസ്റ്റർ.

ഫേസ്‍ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ:

'നന്മമരം ഫിറോസ് ഇക്കയുടെ ഒരു ഓഡിയോ whatsapp ൽ കേട്ടു. പിരിവും കണക്കും സംബന്ധിച്ച ചോദ്യങ്ങൾ വന്നു നിവൃത്തി കെട്ടപ്പോൾ ഫേസ്ബുക്കിലെ പരിപാടി നിർത്തിയിരുന്നു. ഇപ്പോൾ പടച്ചോനായിട്ടു കൊണ്ടുതന്ന വഴിയാണ് വാട്ട്സ്ആപ്പ് എന്നാണ് ഫിറോസ് തന്നെ പറയുന്നത്. ഇപ്പോൾ വിദേശരാജ്യങ്ങളിൽ കുറേ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് പിരിവ്. നോമ്പ് കാലമായത് കൊണ്ട് ഇരകളെ കിട്ടാനും ബുദ്ധിമുട്ടില്ല. ആളുകളുടെ മനസിലെ നന്മ പണമായി ഊറ്റുക തന്നെ. ഗൾഫ് മുതൽ ആഫ്രിക്ക വരെയെത്തിയിട്ടുണ്ട് ഇപ്പോൾ. സർക്കാരിന്റെ അംഗീകാരം ഉണ്ടെന്നൊക്കെയാണ് പണം കൊടുക്കുന്നവർ വിചാരിക്കുന്നത്. എന്ത് അംഗീകാരം !!!!

1000 കിറ്റിന്റെ പേരിൽ ഒരു ലക്ഷം കിറ്റിന്റെ കാശ് അക്കൗണ്ടിലാകും. എന്ത് കണക്ക്, ആരെ ബോധിപ്പിക്കാൻ !! സീസണായപ്പോൾ ഇറങ്ങുക തന്നെ എന്ന് ഇക്കയും കരുതി. പറഞ്ഞ വാക്കല്ലേ മാറ്റാൻ പറ്റൂ. ഫേസ്‌ബുക്കിൽ തന്നേ ഇറങ്ങി. എനിക്ക് ചാരിറ്റി ചെയ്യാതെ ഉറക്കമില്ല എന്ന ലൈൻ..

ഒരു സംശയം, ജില്ലാ കളക്ടർമാർക്ക് സോഷ്യൽ സെക്യൂരിറ്റിമിഷന്റെ ജില്ലാതല അക്കൗണ്ടുകൾ തുടങ്ങിയാൽ ഇതേ സഹായം ചെയ്തുകൂടെ? ഈ മേഖലയിലെ തട്ടിപ്പുകൾ അതുവഴി തടഞ്ഞുകൂടെ?'