lockdown-

ന്യൂഡൽഹി : എല്ലാ അന്യസംസ്ഥാന തൊഴിലാളികളെയും സ്വദേശത്തേയ്ക്ക് മടക്കി അയയ്ക്കേണ്ടെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ മാർഗനിർദ്ദേശം. ലോക്ക്ഡൗണിനെ തുടർന്ന് അന്യസംസ്ഥാന തൊഴിലാളികളെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സ്വദേശത്ത് തിരികെയെത്തിക്കുന്നത് തുടരുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചത്.

വീടുകൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനല്ല ഇളവുകളെന്നും ലോക്ക്ഡൗണിനെ തുടർന്ന് മറ്റിടങ്ങളിൽ കുടുങ്ങുകയും തിരിച്ചുപോകാൻ ആഗ്രഹിച്ചിട്ടും കഴിയാതെവരികയും ചെയ്യുന്നവരെ മാത്രം തിരികെയെത്തിച്ചാൽ മതിയെന്നും സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശിച്ചു. തൊഴിലാളികളെ തിരികെയെത്തിക്കുന്നതിന് പ്രത്യേക ട്രെയിനുകൾ അനുവദിക്കണമെന്ന് റെയിൽവേയോട് വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് കേന്ദ്ര പ്രതിരോധ സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നല്‍കിയത്.

കുടുങ്ങിപ്പോയ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് പ്രഖ്യാപിച്ച ഇളവുകൾ അർഹതയില്ലാവർക്ക് കൂടി ലഭ്യമാകുന്ന അവസ്ഥ ഉണ്ടാകരുതെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. മറ്റു നാടുകളിൽ ജോലിക്കായോ അല്ലാതെയോ താമസിച്ചുവരുന്ന, സ്വന്തം വീടുകൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ളതല്ല ഇളവുകളെന്നും മന്ത്രാലയം വ്യക്തമാക്കി.