കോഴിക്കോട്: വിവസ്ത്രനായി സ്ത്രീകളുടെ മുൻപിലെത്തി ലൈംഗിക വൈകൃതങ്ങൾ കാട്ടിയിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ തലശേരി സ്വദേശിയായ അജ്മലാണ് കോഴിക്കോട് കസബ പൊലീസ് പിടികൂടിയത്. കൊയിലാണ്ടിയിലെ വീട്ടമ്മയെ പീഡനത്തിനിരയാക്കിയതിന് കണ്ണൂർ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന യുവാവ് കൊവിഡിന്റെ സാഹചര്യത്തിൽ മോചിതനാകുകയായിരുന്നു.
ഇതിനു ശേഷം കോഴിക്കോട്ടേക്കെത്തിയ ഇയാൾ ഈ സാഹസത്തിന് മുതിർന്ന് വീണ്ടും ഒരാഴ്ചയ്ക്ക് ശേഷം പൊലീസ് പിടിയിലാകുന്നത്. വിവിധ ആശുപത്രികളിലും വീടുകളിലും ഹോസ്റ്റലുകളിലും ഇയാൾ സ്ത്രീകളോട് മോശമായി പെരുമാറിയിരുന്നു. തുടർന്ന് അടുത്തിടെ കല്ലായിയിലെ ഒരു വീട്ടിലെത്തി അതിക്രമം കാട്ടിയ ഇയാളെ പൊലീസും നാട്ടുകാരും ചേർന്നാണ് ഒടുവിൽ പിടികൂടിയത്.
കോഴിക്കോട്ടെ ഒഴിഞ്ഞു കിടന്ന ഒരു വീട്ടിൽ ഇയാൾ താമസിച്ചുവരികയായിരുന്നു. യുവാവിന്റെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് 24 മൊബൈൽ ഫോണുകളും സ്വർണാഭരണങ്ങളും കണ്ടെടുത്തു. കോഴിക്കോട് ജില്ലാ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് കോഴിക്കോട് സബ്ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.