
ഗർഭിണി രണ്ടുപേർക്കുള്ള ഭക്ഷണം കഴിക്കണമെന്ന് പറയുമെങ്കിലും അതിനർത്ഥം അമിത അളവിൽ കഴിക്കുക എന്നല്ല. പോഷക സമ്പന്നമായ ഭക്ഷണം കഴിക്കുക എന്നതാണ്. നിത്യഭക്ഷണത്തിൽ ധാന്യങ്ങൾ, പാൽ, മുളപ്പിച്ച പയറുവർഗങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, മുട്ട, മത്സ്യമാംസാദികൾ, പഴങ്ങൾ, സൂപ്പ് എന്നിവ ഉറപ്പായും ഉൾപ്പെടുത്തുക. ദിവസവും 10 ഗ്ലാസ് വെള്ളം കുടിക്കുക. ഇടയ്ക്കിടെ സൂപ്പും കഴിക്കാം. ലഹരി  ശീതള പാനീയങ്ങളും എണ്ണയിൽ വറുത്തത്, അമിത മസാല അടങ്ങിയത്, എരിവ് കൂടിയത്, കൊഴുപ്പ് കൂടിയത് എന്നീ ഭക്ഷണങ്ങളും ഒഴിവാക്കണം.
നിലക്കടല, കശുഅണ്ടി, പിസ്ത, ബദാം, എന്നിവ കഴിക്കണം. രാവിലെയും വൈകിട്ടും ഓരോ ഗ്ലാസ് പാൽ കുടിക്കുക. ഡോക്ടർ നിർദ്ദേശിക്കുന്ന കാത്സ്യം ഗുളികകൾ കഴിക്കാതിരിക്കരുത്. ഇഷ്ടമുള്ള ഭക്ഷണം അളവ് കുറച്ച് പലതവണകളായി കഴിക്കുക. അമിത അളവിൽ ചായയും കാപ്പിയും കഴിക്കരുത്. കടുത്ത ക്ഷീണം, നെഞ്ചിടിപ്പ്, ഉന്മേഷക്കുറവ്, ചെറിയ ജോലികൾ പോലും ക്ലേശകരമാവുക ഇവയെല്ലാം ഗർഭകാല അനീമിയയുടെ സൂചനകളാണ്. ഡോക്ടറുടെ നിർദ്ദേശപ്രകാരം അയൺ ഗുളികകൾ കഴിക്കുക. ഉയർന്ന രക്തസമ്മർദ്ദം അപകടകാരിയാണ്. അതിനാൽ ഇടയ്ക്കിടെ പരിശോധന നടത്തണം. ഉപ്പ്, കൊഴുപ്പു കലർന്ന ഇറച്ചി, നെയ്യ്, വെണ്ണ, പപ്പടം, അച്ചാർ, ഉണക്കമത്സ്യം തുടങ്ങിയവ ഒഴിവാക്കുക.