wuhan-

വാഷിംഗ്ണ്‍: കൊവിഡ് വൈറസിന്റെ ഉറവിടം വുഹാനിലെ ഒരു ലബോറട്ടറിയിൽ നിന്നാണെന്ന് യു.എസ്. ഇതിന് തെളിവുണ്ടെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കി. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ യു.എസ് ചാരന്മാരെ ട്രംപ് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. വുഹാനിലെ വെറ്റ് മാര്‍ക്കറ്റില്‍ നിന്നാണ് രോഗം ഉത്ഭവിച്ചതെന്ന് ആദ്യം കരുതിയിരുന്നുവെങ്കിലും അടുത്തുള്ള ഒരു വൈറസ് ഗവേഷണ ലബോറട്ടറിയില്‍ നിന്നായിരിക്കാം ഇത് പകര്‍ന്നതെന്നാണ് യു.എസ്. കരുതുന്നത്.

വൈറസ് മനുഷ്യനിര്‍മിതമോ ജനിതകമാറ്റം വരുത്തിയതോ അല്ലെന്ന് യു.എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറഞ്ഞിരുന്നു. കൊവിഡ് ഉണ്ടായത് മൃഗങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണോ അതോ ചൈനയിലെ ലബോറട്ടറിയില്‍ നിന്നാണോ എന്ന് നിര്‍ണ്ണയിക്കാന്‍ നിലവില്‍ ഉയര്‍ന്നുവരുന്ന വിവരങ്ങള്‍ പരിശോധിക്കുമെന്നുമാണ് അവര്‍ പറഞ്ഞത്.

അതേസമയം,​ അമേരിക്കയിൽ ഈ വർഷം അവസാനത്തോടെ കൊവിഡ് 19 വെെറസിനുള്ള വാക്‌സിൻ ലഭ്യമാക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. യു.എസ്​ ഗവേഷകരെ പിന്നിലാക്കി മറ്റൊരു രാജ്യം മരുന്ന്​ കണ്ടുപിടിക്കുകയാണെങ്കിൽ അവരെ അനുമോദിക്കാൻ മടിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.