jio

ന്യൂഡൽഹി: ഏതാനും നാളുകൾക്ക് മുൻപാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ളതും രാജ്യത്തെ പ്രധാന സ്വകാര്യ ടെലികോം സേവന കമ്പനിയുമായ റിലയൻസ് ജിയോയിൽ ഏകദേശം 5.7 ബില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് ഫേസ്ബുക്ക് അറിയിച്ചത്. ജിയോയിൽ ഓഹരിയുടെ ഏകദേശം 10 ശതമാനം വരും ഈ തുക. എന്നാൽ ഇപ്പോഴിതാ ജിയോയിൽ മറ്റൊരു ഭീമൻ നിക്ഷേപവും വരുന്നതായാണ് അറിയിപ്പ്.

അമേരിക്കൽ സ്വകാര്യ ഓഹരി നിക്ഷേപ കമ്പനിയായ സിൽവർ ലേക്കാണ് റിലയൻസ് ജിയോയിൽ 5655.75 കോടി രൂപ നിക്ഷേപിക്കുക. ഇതോടെ ജിയോ പ്ളാറ്റ്ഫോമുകൾ 4.90 ലക്ഷം കോടിയുടെ മൂല്യമുള്ളതും 5.15 ലക്ഷം കോടി രൂപയുടെ എന്റർപ്രൈസ് മൂല്യവും ഉള്ളതായി മാറി.

ആഗോള തലത്തിൽ സാങ്കേതികവിദ്യാ കമ്പനികളുടെ വിലപ്പെട്ട പങ്കാളിയായ സിൽവർ ലേക്ക് ജിയോയിൽ പങ്കാളിയായതിൽ റിലയൻസ് ഇന്റസ്ട്രീസ് ചെയർപേഴ്സണും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി ആഹ്ളാദം അറിയിച്ചു. ഇന്ത്യയിൽ സാങ്കേതികവിദ്യാ പുരോഗതിക്ക് അന്താരാഷ്ട്ര പരിചയം വേണ്ടുവോളമുള്ള സിൽവർ ലേക്കുമായുള്ള പങ്കാളിത്തം ഗുണം ചെയ്യുമെന്നും മുകേഷ് അംബാനി പ്രത്യാശ പ്രകടിപ്പിച്ചു.