1. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട ആവശ്യമില്ലെന്ന് അന്തര്‍സംസ്ഥാന യാത്രകളുടെ ഏകോപന ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് വേണമെന്ന് കേരളം ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ല. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ടത് മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് മാത്രമെന്നും ബിശ്വനാഥ് സിന്‍ഹ അറിയിച്ചു. അതിര്‍ത്തി വഴി ആദ്യ നാല് ദിവസങ്ങളില്‍ 30,000 മലയാളികള്‍ മടങ്ങി എത്തിയേക്കും എന്ന് ചീഫ് സെക്രട്ടറി. സംസ്ഥാനത്തിന്റെ എല്ലാ നടപടികളും കേന്ദ്ര നിര്‍ദേശം അനുസരിച്ചെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. ആശയക്കുഴപ്പം ഒഴിവാക്കാന്‍ പോര്‍ട്ടല്‍ ഉടനെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
2. അതേസമയം, അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ കേരളത്തിലേത്ത് തിരിച്ചെത്തി തുടങ്ങി. സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധനയ്ക്ക് ശേഷം ഇവരെ കടത്തി വിട്ടുതുടങ്ങി. തിരുവനന്തപുരം ജില്ലയിലെ ഇഞ്ചിവിള കൊല്ലം ജില്ലയിലെ ആര്യങ്കാവ്, ഇടുക്കി ജില്ലയിലെ കുമളി, പാലക്കാട് ജില്ലയിലെ വാളയാര്‍, വയനാട്ടെ മുത്തങ്ങ കാസര്‍കോട്ടെ മഞ്ചേശ്വരം ചെക്ക് പോസ്റ്റുകള്‍ വഴിയാണ് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികള്‍ക്ക് നാട്ടിലെത്താന്‍ അനുമതിയുള്ളത്. കര്‍ശനമായ വൈദ്യ പരിശോധനയ്ക്കും തെര്‍മല്‍ സ്‌ക്രീനിംഗിനു ശേഷം സത്യവാങ്ങ് മൂലം എഴുതി വാങ്ങി 14 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയാമെന്ന ഉറപ്പിലാണ് ഇവരെ വീടുകളിലേക്ക് അയക്കുന്നത്. പനിയോ ലക്ഷണങ്ങളോ ഉള്ളവരെ പ്രവേശപ്പിക്കാന്‍ ചെക്ക് പോസ്റ്റുകള്‍ക്ക് സമീപം തന്നെ ക്വാറന്റൈന്‍ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
3. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി നിരവധിപേരാണ് നാട്ടിലെത്താനായി കളിയിക്കാവിള ചെക്ക് പോസ്റ്റിലെത്തി കൊണ്ടിരിക്കുന്നത്. പാലക്കാട് വാളയാര്‍ ചെക്ക് പോസ്റ്റ് വഴിയാണ് ഏറ്റവുമധികം വാഹനങ്ങള്‍ സംസ്ഥാനത്ത് രാവിലെ കടന്നുവന്നത്. രാവിലെ എട്ടുമണിമുതല്‍ ഒരു മണിക്കൂറിനകം മുപ്പതോളം വാഹനങ്ങളെ പരിശോധനകള്‍ക്ക് ശേഷം അതിര്‍ത്തി കടത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. കര്‍ണാടകത്തിലെ മൈസൂരില്‍ സ്പീച്ച് ആന്റ് ഹിയറിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശീലനത്തിന് പോയി കുടുങ്ങിയ 60 ഭിന്നശേഷി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉള്‍പ്പെടെ 150 ഓളം പേരാണ് വയനാട്ടിലെ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ നിന്ന് നാട്ടിലേക്ക് എത്തിയത്. മുത്തങ്ങ ചെക്ക് പോസ്റ്റില്‍ നിന്ന് പ്രത്യേക വാഹനത്തില്‍ കല്ലൂരിലെ കൊവിഡ് പരിശോധനാ കേന്ദ്രത്തിലെത്തിച്ച ഇവരെ കര്‍ശന പരിശോധനകള്‍ക്ക് വിധേയരാക്കി വരികയാണ്.
4 കേരളത്തില്‍ നിന്ന് ബീഹാറിലേക്കുള്ള നാല് ട്രെയിനുകള്‍ റദാക്കി. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മടങ്ങി പോകാനുള്ള നോണ്‍ സ്റ്റോപ്പ് സ്‌പെഷ്യല്‍ ട്രെയിനുകളാണ് അവസാന നിമിഷം റദാക്കിയത്. ബീഹാര്‍ സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനാല്‍ ആണ് ട്രെയിനുകള്‍ റദാക്കേണ്ടി വന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ അധികൃതര്‍ അറിയിച്ചു. തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, ആലപ്പുഴ എന്നീ സ്റ്റേഷനുകളില്‍ നിന്നായിരുന്നു ട്രെയിനുകള്‍.
രണ്ടോ മൂന്നോ ദിവസത്തിനകം പോകാന്‍ സാധിക്കും എന്നാണ് അതാത് ജില്ലാ ഭരണകൂടങ്ങള്‍ അറിയിച്ചത്. നാലിടങ്ങളില്‍ നിന്നായി 4500 ഓളം പേരാണ് ഇന്ന് പോകാന്‍ ഇരുന്നത്.
5 സാങ്കേതിക പ്രശ്നങ്ങള്‍ മൂലമാണ് ട്രെയിന്‍ റദ്ദാക്കിയത് എന്നാണ് ആലപ്പുഴ ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. ഇന്ന് വൈകുന്നേരം നാലുമണിക്ക് ബിഹാറിലെ കത്തിഹാറിലേക്ക് ആയിരുന്നു ആലപ്പുഴയില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ പുറപ്പെടേണ്ടി ഇരുന്നത്. 1,140 പേര്‍ക്ക് പോകുന്നതിനുള്ള അനുമതി ഉണ്ടായിരുന്നു. അമ്പലപ്പുഴ മാവേലിക്കര ഭാഗങ്ങളില്‍ നിന്നായി അതിഥി തൊഴിലാളികളെ കെ.എസ്.ആര്‍.ടി സി ബസില്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച് യാത്രയ്ക്ക് വേണ്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതിനു ശേഷമാണ് യാത്ര മാറ്റിവെച്ചതായി ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് ലഭിച്ചത്. കണ്ണൂരില്‍ നിന്ന് പട്നയിലേക്ക് 1150 പേരുമായി രാത്രി ഏഴ് മണിക്ക് പുറപ്പെടാനിരുന്ന ട്രെയിനാണ് റദ്ദാക്കിയത്.
6 ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്ന അതിഥി തൊഴിലാളികളെ സ്വദേശത്തേക്കു മടക്കിക്കൊണ്ടു വരുവാനുള്ള യാത്രാ ചെലവ് കോണ്‍ഗ്രസ് വഹിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍ശനത്തിനു മാത്രം 151 കോടി രൂപ ചെലവാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളികളോട് ഉള്ള ഈ അവഗണന അസഹനീയം ആണെന്നും സോണിയ ഗാന്ധി തുറന്നടിച്ചു. ഒരോ സംസ്ഥാനങ്ങളിലെയും പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഈ ചെലവ് വഹിക്കുമെന്ന് സോണിയ ഗാന്ധി വ്യക്തമാക്കി
7 തൊഴിലാളികള്‍ നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ്. അവരുടെ കഠിനാധ്വാനവും ത്യാഗവുമാണ് രാഷ്ട്രത്തിന്റെ അടിത്തറ. ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍ തങ്ങളുടെ കുടുംബത്തെ കാണാനായി ഭക്ഷണമോ മരുന്നോ പണമോ യാത്രാ സൗകര്യമോ ഇല്ലാതെ കിലോമീറ്ററുകളോളം കാല്‍നടയായി യാത്ര ചെയ്യുകയാണ്. ഈ അവസ്ഥ 1947ലെ വിഭജനത്തിന് ശേഷം ആദ്യമായാണ് രാജ്യം അഭിമുഖീകരിക്കുന്നത്. വാര്‍ത്താ കുറിപ്പില്‍ സോണിയ ഗാന്ധി വ്യക്തമാക്കി. അതിഥി തൊഴിലാളികളെ സഹായിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോടും റെയില്‍വേ മന്ത്രാലയത്തിനോടും തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഈ ആവശ്യത്തോട് മുഖം തിരിക്കുക ആണെന്നും സോണിയ കുറ്റപ്പെടുത്തി
8 കൊവിഡ് 19 വൈറസിനെ കുറിച്ച് ജനുവരി 23 ന് തനിക്ക് മുന്നറിയിപ്പ് കിട്ടിരുന്നു എന്ന് തുറന്ന് സമ്മതിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. എന്നാല്‍ സ്ഥിതിഗതികള്‍ ഇത്രയും ഗുരുതരം ആകുമെന്ന് തനിക്ക് ബോധ്യപ്പെട്ട് ഇരുന്നില്ലെന്ന് പ്രസിഡന്റ് സ്വകാര്യ ടെലിവിഷന്‍ പരിപാടിയില്‍ പറഞ്ഞു. എങ്കിലും ചൈനയില്‍ നിന്നുള്ള വ്യോമ ഗതാഗതം അവസാനിപ്പിക്കാന്‍ താന്‍ അന്നു തന്നെ തീരുമെനാം എടുത്തെന്നും ട്രംപ് അവകാശപ്പെട്ടു. ഈ വര്‍ഷം അവസാനത്തോടെ കോവിഡ് പ്രതിരോധ മരുന്ന് വികസിപ്പിക്കും എന്നും പ്രസിഡന്റ് പറഞ്ഞു.