ന്യൂ ഡൽഹി:- നാട്ടിലേക്ക് മടങ്ങിപ്പോകുന്ന കുടിയേറ്റ തൊഴിലാളികൾക്ക് സൗജന്യയാത്ര നൽകുന്നില്ലെന്ന് കേന്ദ്ര സർക്കാരിനെ വിമർശിച്ച കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്കും, രാഹുൽ ഗാന്ധിക്കും മറുപടിയുമായി ബിജെപി. 85 ശതമാനം യാത്രാനിരക്ക് കുറച്ചാണ് റെയിൽവേ ടിക്കറ്റുകൾ നൽകുന്നത്. ബാക്കി 15% നിരക്ക് സംസ്ഥാന സർക്കാരുകൾക്ക് നൽകാമെന്നും ഒരു സ്റ്റേഷനിലും ടിക്കറ്റുകൾ വിൽക്കാൻ പാടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ബിജെപി വക്താവ് സാംബിത് പത്ര അറിയിച്ചു.
ബിജെപി ഭരിക്കുന്ന മധ്യപ്രദേശ് സർക്കാർ ഇത്തരത്തിൽ പണം നൽകുമെന്ന് അറിയിച്ചു കഴിഞ്ഞു.കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും ഇത്തരത്തിൽ പെരുമാറാൻ രാഹുൽഗാന്ധി നിർദ്ദേശിക്കണമെന്നും സാംബിത് പത്ര ആവശ്യപ്പെട്ടു. റെയിൽവേ ടിക്കറ്റുകൾ സൗജന്യമാക്കാത്തതിനെ വിമർശിച്ച് അതിനുള്ള പണം കോൺഗ്രസ് നൽകുമെന്ന് സോണിയാഗാന്ധി നേരത്തെ അറിയിച്ചിരുന്നു.
കർണ്ണാടകത്തിൽ ഇത്തരത്തിൽ മടങ്ങുന്ന തൊഴിലാളികൾക്കായി ഒരു കോടി രൂപയോളം കോൺഗ്രസ് സംഭാവനയായി നൽകിയതോടെ സംസ്ഥാന സർക്കാർ യാത്ര സൗജന്യമാക്കി തിരിച്ചടിച്ചിരുന്നു.
151 കോടി രൂപ പി.എംസ് കെയർ ഫണ്ടിലേക്ക് റയിൽവേ സംഭാവന നൽകിയിട്ട് പോലും കേന്ദ്ര സർക്കാർ കുടിയേറ്റ തൊഴിലാളികൾക്ക് സൗജന്യ യാത്ര നൽകാത്തതിനെ രാഹുൽഗാന്ധി ട്വിറ്ററിലൂടെ നേരത്തെ വിമർശിച്ചിരുന്നു. അതേ സമയം കുടിയേറ്റ തൊഴിലാളികൾക്ക് സൗജന്യയാത്ര ചെയ്യാൻ റെയിൽവേ ഔദ്യോഗിക കുറിപ്പ് പുറത്തിറക്കുമെന്ന് സുബ്രഹ്മണ്യൻ സ്വാമിയും ട്വീറ്റു ചെയ്തു.