china-america-dispute

വാഷിംഗ്ടൺ: കൊവിഡ് രോഗവ്യാപനത്തിനെതിരെ ലോകംമുഴുവൻ അതിശക്തമായി പോരാടിക്കൊണ്ടിരിക്കെ,​ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയെ വീണ്ടും പ്രതിസ്ഥാനത്ത് നിറുത്തുന്ന അമേരിക്കയുടെ റിപ്പോർട്ട് പുറത്ത്. കൊവിഡ് വൈറസിന്റെ തീവ്രത എത്രത്തോളമെന്ന് ചൈനയ്ക്ക് അറിയാമായിരുന്നെന്നും അന്താരാഷ്ട്ര സമൂഹത്തിൽനിന്ന് ചൈന അത് മനപൂർവം മറച്ചുവച്ചെന്നുമാണ് അമേരിക്കയുടെ ഡിപ്പാർട്ട്മെന്റ് ഒഫ് ഹോംലാൻഡ് സെക്യൂരിറ്റി റിപ്പോർട്ടിലുള്ളത്. രോഗവ്യാപന തീവ്രത മനസിലാക്കി ഇറക്കുമതി ചെയ്ത സാധനങ്ങൾ ചൈന സംഭരിച്ചുവയ്ക്കുകയും കയറ്റുമതി കുറയ്ക്കുകയും ചെയ്തതായും റിപ്പോർട്ടിലുണ്ട്. ജനുവരിയിൽ കൊവിഡിനെ ഒരു സാംക്രമിക രോഗമായി ലോകാരോഗ്യസംഘടന പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ മെഡിക്കൽ ഉപകരണങ്ങളുടെ കയറ്റുമതി നിറുത്തിവച്ചതും, ചൈനയ്ക്ക് രോഗതീവ്രതയെക്കുറിച്ച് അറിവുണ്ടായിരുന്നു എന്നതിന്റെ തെളിവായിട്ടാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ജനുവരിയോടെ ചൈന സർജിക്കൽ ഫേസ് മാസ്ക്കുകളുടെ ഇറക്കുമതി 278 ശതമാനവും ഗൗണുകളുടേത് 72 ശതമാനവും കൈയുറകളുടേത് 32 ശതമാനവും വർദ്ധിപ്പിച്ചു. മാത്രമല്ല, കൈയുറകളുടെ കയറ്റുമതി 48 ശതമാനവും ഗൗണുകളുടേത് 71 ശതമാനവും ഫേസ് മാസ്ക്കുകളുടേത് 48 ശതമാനവും മെഡിക്കൽ വെന്റിലേറ്ററുകളുടേത് 45 ശതമാനവും കുറയ്ക്കുകയും ചെയ്തു. റിപ്പോർട്ടിൽ പറയുന്നു. ആരോപണവുമായി സ്റ്റേറ്റ് സെക്രട്ടറിയും കൊവിഡ്​ വൈറസിന്റെ ഉറവിടം വുഹാനിലെ ലബോറട്ടറിയാണ് എന്നതിന് കൂടുതൽ തെളിവുകളുണ്ടെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. കൊവിഡ്​ ആരംഭിച്ചത് അവിടെ നിന്നാണ് എന്നതിന് ധാരാളം തെളിവുകളുണ്ടെന്ന് എ.ബി.സി ചാനൽ പരിപാടിയിൽ പോംപിയോ പറഞ്ഞു. വൈറസ്​ വ്യാപനത്തെ ചൈന കൈകാര്യം ചെയ്ത രീതിയെ വിമർശിച്ച പോംപിയോ പക്ഷേ വൈറസ് മനഃപ്പൂർവം പുറത്തുവിട്ടതാണോ എന്നത്​ പറയാൻ വിസമ്മതിച്ചു. കൊവിഡിൻെറ ഉറവിടം വുഹാനിലെ ലാബാണെന്ന്​ യു.എസ് പ്രസിഡന്റ്​ ഡോണാൾഡ് ട്രംപും ആരോപിച്ചിരുന്നു. ഇതിനുള്ള തെളിവുകൾ തന്റെ കൈവശമുണ്ടെന്നും അത് ഇപ്പോൾ പുറത്തുവിടാൻ കഴിയില്ലെന്നും പറഞ്ഞ ട്രംപ്, സുപ്രധാന വിവരങ്ങൾ മറച്ചുവെച്ച ചൈനക്കാണ് വൈറസ് വ്യാപനത്തിൽ ഉത്തരവാദിത്വമെന്നും ആരോപിച്ചിരുന്നു.