covid

വാഷിംഗ്ടൺ ഡി.സി: ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷം കവിഞ്ഞു.11.54 ലക്ഷത്തിലേറെപ്പേർ രോഗവിമുക്തി നേടി. യൂറോപ്യൻ രാജ്യങ്ങൾ ആശ്വാസത്തിലേക്ക് നീങ്ങുമ്പോൾ അമേരിക്കയോടും ബ്രിട്ടനോടുമൊപ്പം റഷ്യയും ബ്രസീലും കൊവിഡിൻ്റെ പുതിയ ഹോട്ട്സ്പോട്ടുകളായി മാറുകയാണ്.

റഷ്യയിൽ രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10633 പേര്‍ക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 134687 ആയി. 1,356 മരിച്ചു. രോഗികളുടെ എണ്ണത്തില്‍ ഏഴാം സ്ഥാനത്താണ് റഷ്യ.

കൊവിഡിനെ ഇപ്പോഴും ലാഘവത്തോടെയാണ് ബ്രസീൽ പ്രസിഡൻ്റ് ജയർ ബൊൽസൊനാരോ കാണുന്നത്. ഫലപ്രദമായ പരിശോധനകളുടെ അഭാവവും പ്രസിഡൻ്റിൻ്റെ അലംഭാവ മനോഭാവവും മൂലം രാജ്യത്ത് കേസുകൾ വർദ്ധിക്കുകയാണ്. ആകെ മരണം 7,051. രോഗബാധിതർ 101,826.

മറ്റ് യൂറോപ്യൻ രാജ്യങ്ങൾ സാധാരണഗതിയിലേക്ക് മടങ്ങുമ്പോഴും ബ്രിട്ടൻ ആശങ്കയിലാണ്. പ്രതിദിന മരണസംഖ്യ ഇപ്പോഴും 600ന് മുകളിലാണ്. നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതിനെക്കുറിച്ച് അടുത്തയാഴ്‍ച തീരുമാനമെടുക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. ആകെ മരണം 28,446.

വ്യാപനം കുറയുന്നുണ്ടെന്ന ട്രംപ് സർക്കാരിൻ്റെ വാദങ്ങൾക്കിടെ അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 11 ലക്ഷം കവിഞ്ഞു. ആകെ മരണം 70000ത്തിലേക്ക് അടുക്കുകയാണ്.

 ഇറ്റലിയിലും ഫ്രാൻസിലും സ്പെയ്നിലും കൂടുതൽ ഇളവുകൾ.

 ബംഗ്ലാദേശിൽ കേസുകൾ 10000 കവിഞ്ഞു.

 ദക്ഷിണാഫ്രിക്കയുടെ ജി.ഡി.പി 12 ശതമാനം കുറഞ്ഞേക്കുമെന്ന് റിപ്പോർട്ട്. ആഫ്രിക്കയിൽ രോഗം അതിവേഗം പടരുന്നതായി. റിപ്പോർട്ട്. ദക്ഷിണാഫ്രിക്ക, ഈജിപ്റ്റ് എന്നിവിടങ്ങളിൽ 6000ത്തിലധികവും മൊറോക്കയിൽ 4000ത്തിൽ അധികവും രോഗികൾ.

 ദക്ഷിണ കൊറിയയിൽ സ്കൂളുകൾ തുറന്നു.

 കൊവിഡ് വാക്സിൻ തയ്യാറാകാൻ വർഷങ്ങൾ വേണ്ടി വന്നേക്കുമെന്ന് ജർമ്മൻ ആരോഗ്യമന്ത്രി ജെൻസ് സ്പാൻ.

 ജപ്പാനിൽ അടിയന്തിരാവസ്ഥ നീട്ടിയേക്കും.

 ചൈനയിൽ മൂന്ന് പുതിയ കേസുകൾ.

 മാർച്ചിന് ശേഷം ആദ്യമായി ന്യൂസിലാൻഡിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തില്ല.

 ബിസിനസുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ മലേഷ്യയിൽ ഇളവ്.

 ആസ്ട്രേലിയയിൽ സ്കൂളുകൾ ഉടൻ തുറന്നേക്കും.

ഐവറി കോസ്റ്റ് പ്രധാനമന്ത്രി അർമാദോ ജോൺ കുലിബാലിയെ (61) അടിയന്തര ചികിത്സയ്ക്ക് ഫ്രാൻസിലേക്കു കൊണ്ടുപോയി. മാർച്ച് മുതൽ അദ്ദേഹം ക്വാറൻ്റീനിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.