lock-down

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് ലോക്ഡൗൺ മാ‌ർഗ്ഗ നിർദ്ദേശം പാലിച്ച് മദ്യശാലകൾ തുറക്കാം എന്നുള്ള കേന്ദ്ര അനുമതിയെ തുടർന്ന് കേരളത്തിൽ ഒരുക്കങ്ങൾ സജീവമാകുകയാണ്. എന്നാൽ രാജ്യതലസ്ഥാനമായ ഡൽഹിയിൽ അങ്ങനെ തുറന്ന മദ്യശാലകളിൽ കാര്യങ്ങൾ അത്ര ശരിയായില്ല. ആളുകൾ സാമൂഹിക സുരക്ഷിതത്വ നിർദ്ദേശങ്ങൾ പാലിക്കാതെ കൂട്ടമായെത്തിയതോടെ തുറന്ന ചില മദ്യഷോപ്പുകൾ അടക്കേണ്ടി വന്നു.

വ്യക്തികൾ തമ്മിൽ ആറടി അകലം പാലിക്കണം. മാർക്കറ്റിലോ, മാളുകളിലോ ഉളള മദ്യഷോപ്പുകൾ തുറക്കരുത്, അഞ്ചുപേരിൽ കൂടുതൽ ആളുകൾ വരിയായി നിൽക്കരുത് ഇങ്ങനെ നിരവധി നിർദ്ദേശങ്ങൾ നൽകിയെങ്കിലും കഷ്മീരി ഗേറ്റ്, നരേല എന്നിവിടങ്ങളിൽ തിരക്കുകൂട്ടിയ ജനത്തെ പൊലീസിന് തുരത്തിയോടിക്കേണ്ടി വന്നു. 90ലേറെ കൊവിഡ് തീവ്രബാധിത മേഖലകളുള്ള ഡൽഹിയിൽ നൂറോളം മദ്യഷോപ്പുകളാണ് തുറന്നത്.

അതേ സമയം അയൽ സംസ്ഥാനങ്ങളായ പഞ്ചാബും ഹരിയാനയും മദ്യവിൽപന ആരംഭിക്കാൻ തയ്യാറായിട്ടില്ല. എന്നാൽ രാജ്യത്ത് കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയാകട്ടെ ഒരു തെരുവിൽ അഞ്ച് കടകളാണ് തുറക്കാൻ അനുമതിയുള്ളത്. ഇതിൽ മദ്യഷോപ്പുകളും ഉൾപ്പെടും.

ഛത്തീസ്ഗഢ്, രാജസ്ഥാൻ,ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഇന്നുമുതൽ മദ്യഷാപ്പുകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഉത്തർ പ്രദേശിൽ രാവിലെ 10 മുതൽ രാത്രി 7 വരെ മദ്യവിൽപന കേന്ദ്രങ്ങൾ തുറക്കാൻ അനുമതിയുണ്ട്. ലഖ്നൗവിൽ മദ്യവിൽപന ആരംഭിക്കുന്നതിന് മുൻപ് തന്നെ ജനങ്ങളുടെ നീണ്ടനിര കാണാമായിരുന്നു. ഇവിടെ അധികൃതർ നിരന്തരം സന്ദർശിച്ച് ജനങ്ങൾക്ക് വേണ്ട ബോധവൽക്കരണം നടത്തി.

മധ്യപ്രദേശിൽ കൊവിഡ് രൂക്ഷമായി ബാധിച്ച ഇൻഡോർ,ഭോപാൽ,ഉജ്ജയിൻ നഗരങ്ങളിലൊഴികെ മറ്റെല്ലായിടത്തും നാളെമുതൽ മദ്യവിൽപന ആരംഭിക്കും. ആന്ധ്രയിൽ 3500ഓളം മദ്യവിൽപന കേന്ദ്രങ്ങൾ തുറക്കും. ഇവിടെ മദ്യത്തിന് മദ്യനിരോധന നികുതി ഏർപ്പെടുത്തി. പുതുച്ചേരിയിൽ മദ്യവിൽപന പുനരാരംഭിക്കാൻ തീരുമാനമെടുത്തിട്ടില്ല.

എന്നാൽ കർണ്ണാടകയിൽ രാവിലെ 9 മുതൽ രാത്രി 7 മണിവരെ മദ്യവിൽപന അനുവദിക്കും. മാസ്കും, സാമൂഹിക അകലവും പാലിക്കുന്നുണ്ടെന്ന് ഇവിടെ കർശനമായി നിരീക്ഷിക്കുമെന്നും സർക്കാർ അറിയിച്ചു.