കൊവിഡ് പ്രതിരോധ പ്രവർത്തകർക്ക് ആദരം അർപ്പിച്ച് വ്യോമസേനയുടെ വിമാനങ്ങൾ രാജ്യമൊട്ടാകെയുള്ള കൊവിഡ് ആശുപത്രികൾക്കുമേൽ പൂക്കൾ വിതറിയതിനെ വിമർശിച്ച് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. 'വ്യോമ പുഷ്പ വൃഷ്ടിക്ക് പകരം ആരോഗ്യ പ്രവർത്തകർക്ക് 1000 രൂപ വച്ച് കൊടുത്തിരുന്നേൽ എന്ത് നന്നായേനെ' എന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ വിമർശിച്ചു.
ജൂഡ് അന്റണിയുടെ പോസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. 'അടുത്ത പടത്തിലെ ലാഭം മുഴുവൻ ആരോഗ്യ പ്രവർത്തകർക്ക് കൊടുത്തിട്ട് ഡയലോഗടിക്ക്' എന്ന രീതിയിൽ പോസ്റ്റിന് താഴെ നിരവധി കമന്റുകൾ വന്നിട്ടുണ്ട്. അതേസമയം,ജൂഡിനെ പിന്തുണച്ച് ധാരാളം ആളുകൾ എത്തിയിട്ടുണ്ട്.
കൊവിഡ് പ്രതിരോധ പോരാട്ടത്തിന് പിന്തുണയും ആദരവും അറിയിക്കാനായി ഇന്നലെയായിരുന്നു വ്യോമസേനയുടെ വിമാനങ്ങൾ ശ്രീനഗര്‍ മുതൽ തിരുവനന്തപുരം വരെ പറന്നത്. വായുസേനയുടെ ട്രാൻസ്പോര്‍ട്ട് വിമാനങ്ങളും മിഗ് 21, മിഗ് 27 യുദ്ധവിമാനങ്ങളും ഫ്ലൈപാസ്റ്റിൽ പങ്കെടുത്തിരുന്നു.