ന്യൂഡൽഹി:- പശ്ചിമ ബംഗാളിലെ കൊവിഡ്19 പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ കേന്ദ്ര നിരീക്ഷണ സംഘം സംസ്ഥാനത്ത് രോഗബാധ റിപ്പോർട്ട് ചെയ്യുന്നതിൽ ഗുരുതരമായ പൊരുത്തക്കേടുണ്ടെന്ന് കണ്ടെത്തി. ബംഗാൾ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ 50 ലക്ഷം ജനങ്ങളെ സർക്കാർ പരിശോധിച്ചു എന്ന് പറയുന്നതിൽ സംഘം സംശയം രേഖപ്പെടുത്തി.
കേന്ദ്ര സംഘത്തെ വേണ്ട വിധത്തിൽ ഗൗനിക്കാതിരുന്ന ബംഗാൾ സർക്കാർ ഇവർക്ക് മതിയായ സഹായവും നൽകിയില്ലെന്ന കുറ്റപ്പെടുത്തലും റിപ്പോർട്ടിലുണ്ട്. സംസ്ഥാനത്ത് മരണനിരക്ക് 12.8 ശതമാനമാണ്. ഇത് രാജ്യത്ത് ഏറ്റവും ഉയർന്നതാണ്. സംസ്ഥാനത്തിലെ പരിശോധനയുടെ കുറവും നിരീക്ഷണത്തിലും പ്രതിരോധ പ്രവർത്തനങ്ങളിലുമുള്ള പോകായ്മയുമാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്.
സംസ്ഥാനം പ്രസിദ്ധീകരിച്ച രോഗബാധയെ സൂചിപ്പിക്കുന്ന മെഡിക്കൽ ബുള്ളറ്റിനിലെ മുഴുവൻ കണക്കുകളും കേന്ദ്രത്തിനെ അറിയിക്കുന്നതിൽ മമത സർക്കാർ പരാജയപ്പെട്ടു. ഏപ്രിൽ 30ന് പ്രസിദ്ധീകരിച്ച മെഡിക്കൽ ബുളളറ്റിനിൽ രോഗം ബാധിച്ചവർ-572, ഭേദമായവർ-139 മരണമടഞ്ഞവർ 33 ഇങ്ങനെ ആകെ 744 ആണ് എന്നാൽ അന്നേ ദിവസം കേന്ദ്ര ആരോഗ്യ സെക്രട്ടറിയെ അറിയിച്ചത് 931 എന്നാണ്. ഇത് വളരെ വലിയ വ്യത്യാസമാണ്.
എന്നാൽ ഏപ്രിൽ 20ന് ശേഷം പശ്ചിമബംഗാൾ ആരോഗ്യവകുപ്പ് കൊവിഡ് പരിശോധന വർദ്ധിപ്പിച്ചതിനെ കേന്ദ്രറിപ്പോർട്ടിൽ അഭിനന്ദിക്കുന്നുണ്ട്. ഏപ്രിൽ മാസത്തിലും കൊവിഡ് ബാധ തടയാനുള്ള മമത സർക്കാരിന്റെ പ്രാഥമിക തല പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര സംഘങ്ങൾ ബംഗാൾ സന്ദർശിച്ചിരുന്നു. തിങ്കളാഴ്ച കേന്ദ്ര ആഭ്യന്തര വകുപ്പിന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും.