ഇസ്ലാമാബാദ്: പാകിസ്ഥാൻ്റെ ചരിത്രത്തിലാദ്യമായി രാജ്യത്തെ ന്യൂനപക്ഷമായ ഹിന്ദു വിഭാഗത്തിൽ നിന്നുള്ളയാൾ എയർഫോഴ്സിൽ പൈലറ്റായി നിയമിതനായി. സിന്ധ് പ്രവശ്യയിലെ തർപാക്കറിൽ നിന്നുള്ള രാഹുല്‍ ദേവ് എന്ന യുവാവാണ് ഇന്ന് പൈലറ്റായി ചുമതലയേറ്റത്. ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളയാൾ എയർഫോഴ്സിൽ നിയമിതനായതിൽ സന്തോഷമുണ്ടെന്ന് ഓൾ പാകിസ്ഥാൻ ഹിന്ദു പഞ്ചായത്ത് സെക്രട്ടറി രവി ധവാനി പറഞ്ഞു. ഇമ്രാൻ ഖാൻ സർക്കാർ ന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ ഇനിയും ഒരുപാട് ന്യൂനപക്ഷ വിഭാഗക്കാർക്ക് രാജ്യത്തിനായി സേവനം ചെയ്യാൻ അവസരം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ, ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവരെ പാകിസ്ഥാൻ അവഗണിക്കുകയാണെന്നത് സാധൂകരിക്കുന്ന നിരവധി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.