cm-pinarayi

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിനം, ആർക്കും കൊവിഡില്ല. 61 പേരുടെ റിസൾട്ട് നെഗറ്റീവായി; ഇവർ ഇന്ന് ആശുപത്രി വിടും. 34 പേർ മാത്രമാണ് ഇനി ചികിത്സയിലുള്ളത്. കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

ഇന്നലെയും മേയ് ഒന്നിനും സംസ്ഥാനത്ത് പുതിയ രോഗികൾ ഇല്ലായിരുന്നു. സംസ്ഥാനത്ത് പുതിയ തീവ്ര ബാധിത മേഖലകളില്ല. 21,724 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.ഇതിൽ 21,352 പേര്‍ വീടുകളിലും 372 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. 33,010 സാമ്പിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 32,315 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

വിവിധ സംസ്ഥാനങ്ങളിലെ 164,263 മലയാളികൾ നോർക്ക വഴി നാട്ടിലേക്ക് വരാൻ രജിസ്റ്റർ ചെയ്‌തു. കർണ്ണാടകം, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലുള്ളവരാണ് ഏറ്റവും കൂടുതൽ. തെലങ്കാന, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ഡൽഹി, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, ബിഹാർ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ഹരിയാന, ഗോവ എന്നിവിടങ്ങളിൽ നിന്നെല്ലാം മലയാളികൾ നാട്ടിലേക്ക് വരാൻ രജിസ്റ്റർ ചെയ്തു. അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവർക്ക് തിരിച്ചെത്താൻ നോർക്കയിൽ രജിസ്റ്റർ ചെയ്യാൻ ഇനിയും അവസരമുണ്ട്. ഇതുവരെ 13518 അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതായും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ ഓട്ടോമൊബൈൽ വർക് ഷോപ്പുകൾക്ക് ഹോട്ട്സ്‌പോട്ടുകളിലല്ലാതെ പ്രവർത്തിക്കാം. ഞായറാഴ്ച സമ്പൂർണ ഒഴിവാണ് പ്രഖ്യാപിച്ചത്. എന്നാൽ റംസാൻ കാലമായതിനാൽ ഉച്ചക്ക് ശേഷം ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം.

ലക്ഷദ്വീപിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാൻ ധാരണയായി. കണ്ടൈൻമെന്റ് സോണൊഴികെ റോഡുകൾ അടച്ചിടില്ല. നിബന്ധനകൾക്ക് വിധേയമായി വാഹന ഗതാഗതം നടത്തും. എന്നാൽ പൊതുഗതാഗതം ഉണ്ടാകില്ല. പ്രവാസി മലയാളികൾക്ക് മടങ്ങി എത്തിയ ഉടൻ ബന്ധുക്കളുമായും, ഡോക്‌ടർമാരുമായും ആശയവിനിമയം നടത്താൻ ബി.എസ്.എൻ.എൽ സൗജന്യമായി സിം കാർഡ് നൽകും.

മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ മാതാപിതാക്കളെയോ കുട്ടികളെയോ ബന്ധുക്കളെയോ കൂട്ടിക്കൊണ്ടുവരാൻ അവർ താമസിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് അനുമതി വാങ്ങണം. ഒപ്പം അവർ തിരികെയെത്തുന്ന ജില്ലയിലെ കലക്ടറിൽ നിന്നും അനുമതി വാങ്ങണം. മുൻഗണനാ ലിസ്റ്റിൽ പെട്ടവർക്കാണ് ആദ്യ യാത്രാനുമതി. ഗർഭിണികൾ, കേരളത്തിൽ നിന്ന് മറ്റാവവശ്യങ്ങൾക്കായി അന്യസംസ്ഥാനങ്ങളിൽ പോയവർ, മറ്റ് അസുഖങ്ങൾ ഉള്ളവർ എന്നിവരാണ് മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുന്നത്. ഘട്ടംഘട്ടമായി ഈ പ്രക്രിയ പൂർത്തിയാക്കാനുള്ള പദ്ധതിയാണ് സർക്കാർ തയാറാക്കിയതെന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.