തിരുവനന്തപുരം: ഗുരുതര ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സൂപ്രണ്ടിംഗ് എൻജിനീയറടക്കം അഞ്ച് പൊതുമരാമത്ത് ഉദ്യോഗസ്ഥരെ മന്ത്രി ജി. സുധാകരൻ സസ്പെൻഡ് ചെയ്തു. സൂപ്രണ്ടിംഗ് എൻജിനിയർ ടി.കെ.ബൽദേവ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ഫിജു.കെ.എഫ്, അസിസ്റ്റന്റ് എൻജിനിയർമാരായ ജോയ് സെബാസ്റ്റ്യൻ, സൈറ.കെ.എസ്, ഓവർസിയർ ഹേമ.പി.ആർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മുദ്രപത്രങ്ങൾ തിരുത്തുക, വ്യാജ കരാറുകൾ സൃഷ്ടിക്കുക, ചെയ്യാത്ത പ്രവൃത്തികൾ ചെയ്തതായി രേഖകൾ സൃഷ്ടിച്ച് ബിൽതുക അനുവദിക്കുക, ബിറ്റുമിൻ തിരിമറി , ടെണ്ടർ/ക്വട്ടേഷൻ നടപടിക്രമങ്ങൾ പാലിക്കാതിരിക്കുക, സെക്യൂരിറ്റി ഡെപ്പോസിറ്റ് / പെർഫോർമൻസ് ഗാരന്റി തുക ഈടാക്കാതിരിക്കുക തുടങ്ങിയവയാണ് ക്രമക്കേടുകൾ. ക്രമക്കേടിൽ പങ്കാളികളായ മറ്റ് 23 ഉദ്യോഗസ്ഥർക്കെതിരെയും കർശന അച്ചടക്ക നടപടികൾ സ്വീകരിക്കാനും സർക്കാരിനുണ്ടായ നഷ്ടം ഈടാക്കാനും മന്ത്രി നിർദ്ദേശിച്ചു.