new-face

തിരുവല്ല: കൊവിഡിനെ പേടിച്ച് മുൻ മന്ത്രി മാത്യു ടി.തോമസ് എം.എൽ.എ രൂപം തന്നെ മാറ്റി. ചെറുപ്പം മുതലേ സ്വന്തം സ്റ്റെലായി കാത്തുസൂക്ഷിച്ച താടിയും മീശയുമാണ് അപ്പാടെ വടിച്ചു കളഞ്ഞത്. മുടി പറ്റെ വെട്ടുകയും ചെയ്തു.

താടി മീശയുള്ളവരിൽ കൊറോണ വൈറസ് എളുപ്പത്തിൽ പിടികൂടാൻ സാദ്ധ്യതയുണ്ടെന്ന് കേട്ടായിരുന്നു മുഖം ക്ളീനാക്കിയത്. ബാർബറുടെ സഹായമൊന്നും തേടിയില്ല. കട്ടിംഗും ഷേവിംഗുമൊക്കെ സ്വയം ചെയ്‌തു. കൊവിഡ് വൈറസ് സ്ഥലം വിടുംവരെ മുഖത്ത് രോമം വളരാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് മാത്യു ടി. തോമസ്. ഇന്നലെ പുറത്തിറങ്ങിയപ്പോൾ കറുത്ത മാസ്ക് ധരിച്ചിരുന്നതിനാൽ മാറ്രം ആദ്യം ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. ഇടയ്ക്ക് മാസ്ക് മാറ്റിയപ്പോഴാണ് എം.എൽ.എയുടെ ക്ളീൻ ഇമേജ് നാട്ടുകാർ കാണുന്നത്.

രൂപമാറ്രം എം.എൽ.എയ്ക്ക് പൊല്ലാപ്പുമായി. റോഡിൽ പരിശോധനയ്ക്ക് നിന്ന പൊലീസുകാർ ആളറിയാതെ തടഞ്ഞു നിറുത്തി. എം.എൽ.എയാണെന്ന് പറഞ്ഞപ്പോൾ എവിടത്തെ എം.എൽ.എ എന്നായി ചോദ്യം. ആളെ തിരിച്ചറിഞ്ഞതോടെ ക്ഷമ പറഞ്ഞ് തലയൂരുകയും ചെയ്‌തു.