narayanan

തിരുവനന്തപുരം: ചെസ് കേരള സംഘടിപ്പിച്ച “ചെക്ക്മേറ്റ് കൊവിഡ് 19 ഇന്റർനാഷണൽ ഓൺലൈൻ ചെസ് ടൂർണമെന്റിൽ ചാമ്പ്യനായ മലയാളി ഗ്രാൻഡ്മാസ്റ്റർ എസ്.എൽ.നാരായണൻ സമ്മാനത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനചെയ്തു. റണ്ണർ അപ്പായ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ അഭിജിത്ത് ഗുപ്തയും സമ്മാനത്തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ ചെസ് കേരളയെ ഏൽപ്പിച്ചു.

കൊവിഡ് ദുരിതാശ്വാസ നിധിക്കായി നടത്തിയ ഒാൺലൈൻ ടൂർണമെന്റിൽ ഇന്ത്യ, റഷ്യ, അമേരിക്ക, അർജന്റീന, ചിലി, പെറു, വെനിസുല, ഇംഗ്ലണ്ട്, ചെക്ക് റിപ്പബ്ലിക്ക്, ഇറാൻ, ഉസ്ബക്കിസ്ഥാൻ, ഉക്രൈൻ ,വിയറ്റ്നാം. അസർബൈജാൻ, ജർമ്മനി, ഈജിപ്ത്, അൾജീരിയ എന്നീ രാജ്യങ്ങളിൽ നിന്നുമായി 429 കളിക്കാർ പങ്കെടുത്തു 34 ഗ്രാൻഡ് മാസ്റ്റർമാരും 30 ഇന്റർനാഷണൽ താരങ്ങളും പങ്കെടുത്ത മത്സരത്തിൽ 10 റൗണ്ടുകളിൽ നിന്നും 9 പോയിന്റോടെയാണ് നാരായണൻ വിജയിയായത്.അഭിജിത്ത് ഗുപ്തയും 9 പോയിന്റ് കരസ്ഥമാക്കിയിരുന്നു. ജേതാവിന് 12,000 രൂപയും റണ്ണർ അപ്പിന് 8,000 രൂപയും ലഭിച്ചു. ഇന്റർനാഷണൽ മാസ്റ്റർമാരായ ടെറി റെനാറ്റോ (പെറു ), രവി തേജ (ഇന്ത്യ) എന്നിവർ 8.5 പോയിന്റോടെ മൂന്നും നാലും സ്ഥാനങ്ങൾക്കർഹരായി.

ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർമാരായ അർജുൻ എറിഗൈസി, വൈഭവ് സൂരി, പുരാണിക് അഭിമന്യു, നിഹാൽ സരിൻ, റൗണക് സധ്വാനി, വി.വി.ലക്ഷ്മണൻ എന്നിവർ 8 പോയിന്റ് വീതം നേടി 5 മുതൽ 10 വരെയുള്ള സ്ഥാനങ്ങൾ കരസ്ഥമാക്കി. ഇൗ ടൂർണമെന്റിലൂടെ സമാഹരിച്ച 4 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.

പ്രവേശന ഫീസിന് പകരം സംഭാവന

ഇൗ ഒാൺലൈൻ ടൂർണമെന്റിൽ പ്രവേശന ഫീസ് ഉണ്ടായിരുന്നില്ല. പകരം പങ്കെടുക്കുന്നവർ 250 രൂപയിൽ കുറയാത്ത സംഖ്യ സംഭാവനയായി നൽകണം. മുൻ ലോകചാമ്പ്യൻ വിശ്വനാഥൻ ആനന്ദ് ചെസ് കേരളയുടെ പരിശ്രമത്തെ പ്രകീർത്തിച്ച് വീഡിയോ സന്ദേശം അയച്ചിരുന്നു. കഴിഞ്ഞ പ്രളയകാലത്തും “ചെസ് കേരള” മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു