duplessis

കേപ്ടൗൺ : 2020/21 സീസൺ വരെ രാജ്യത്തിനായി എല്ലാ ഫോർമാറ്റുകളിലും കളിക്കാൻ തയ്യാറാണന്ന് മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ക്യാപ്ടൻ ഫാഫ് ഡുപ്ളെസി അറിയിച്ചു. 35 കാരനായ ഡുപ്ളെസി ഫെബ്രുവരിയിൽ എല്ലാ ഫോർമാറ്റുകളിലെയും ക്യാപ്ടൻസിയിൽ നിന്ന് പിന്മാറിയിരുന്നു.ക്യാപ്ടൻസിയുടെ ഭാരം ഇനി താങ്ങാൻ വയ്യെന്നും യുവതാരങ്ങൾക്ക് പ്രചോദനം പകരാൻ ടീമിൽ തുടരാമെന്നുമാണ് ഡുപ്ളെസി ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയെ അറിയിച്ചിരിക്കുന്നത്.

ക്യാപ്ടൻസി വിട്ടൊഴിഞ്ഞ ഡുപ്ളെസി ഒക്ടോബറിലെ ട്വന്റി-20 ലോകകപ്പ് കഴിഞ്ഞാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ലോക്ക്ഡൗൺ കാലഘട്ടത്തിൽ ഐ.പി.എല്ലിൽ പങ്കെടുക്കാനാവാതെ വീട്ടിലിരിക്കേണ്ടി വന്നതാണ് തീരുമാനത്തിൽ മാറ്റം വരുത്താൻ കാരണമായതെന്ന് ഡുപ്ളെസി പറഞ്ഞു.

കഴിഞ്ഞ വർഷം ഇംഗ്ളണ്ടിൽ നടന്ന ലോകകപ്പിന് ശേഷം ഡുപ്ളെസി ഏകദിനത്തിൽ കളിച്ചിട്ടില്ല. ഫെബ്രുവരിയിൽ ഇംഗ്ളണ്ടിനെതിരായ ഏകദിന പരമ്പരയിൽ ക്വിന്റൺ ഡി കോക്കാണ് ടീമിനെ നയിച്ചിരുന്നത്. ജൂലായിൽ വിൻഡീസിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലേക്ക് പുതിയ നായകനെ കണ്ടെത്തേണ്ടതുണ്ട്. 2016ൽ എ.ബി ഡിവില്ലിയേഴ്സിൽ നിന്നാണ് ഡുപ്ളെസി ടെസ്റ്റ് ക്യാപ്ടൻസി ഏറ്റെടുത്തത്. അതേസമയം ഡിവില്ലിയേഴ്സ് ദക്ഷിണാഫ്രിക്കൻ ടീമിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ്.

ക്യാപ്ടൻസി എനിക്ക് വളരെ ഇഷ്ടമാണ്. 13-ാം വയസുമുതൽ ഞാൻ ക്യാപ്ടനാണ്. എന്നാൽ ഇനി അതിൽ നിന്ന് മാറി പുതിയ തലമുറയ്ക്ക് പ്രചോദനം പകരനായി എല്ലാ ഫോർമാറ്റിലും കളിക്കാൻ ഞാനുണ്ടാകും.

- ഫാഫ് ഡുപ്ളെസി