ന്യൂഡൽഹി:കൊവിഡിനെത്തുടർന്ന് വിദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ മടക്കിയെത്തിക്കുന്ന കാര്യത്തിൽ തീരുമാനമായി. വ്യാഴാഴ്ച മുതൽ ഇവരെ തിരികെ എത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അർഹരുടെ പട്ടിക എംബസികൾ തയ്യാറാക്കും. യാത്രാക്കൂലി പ്രവാസികൾ വഹിക്കേണ്ടി വരും. വിമാനമാർഗവും കപ്പൽമാർഗവുമായിരിക്കും ഇവരെ എത്തിക്കുക. ഗൾഫിൽ നിന്ന് വിമാനമാർഗം എത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അമേരിക്കയിലേക്കും യൂറോപ്പിലേക്കും വിമാനം അയക്കും.
അതത് രാജ്യത്ത് വച്ച് തന്നെയാത്രയ്ക്ക് മുമ്പ് അവരുടെ പൂർണ പരിശോധന നടത്തും. കൊവിഡ് ഇല്ലെന്ന് ഉറപ്പാക്കിയതിനു ശേഷമേ യാത്രയ്ക്ക് അനുവദിക്കുകയുള്ളൂ.
ഇന്ത്യയിലെത്തിച്ച ശേഷം ഇവരെ വിവിധ സംസ്ഥാനങ്ങളിൽ സജ്ജമാക്കിയ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റും. 14 ദിവസം ക്വാറന്റൈനിൽ കഴിയണം. കപ്പലുകളും സൈനിക വിമാനങ്ങളും വാണിജ്യവിമാനങ്ങളും ഉപയോഗിച്ചാണ് ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവരിക.