ഇസ്ലാമബാദ്: ചരിത്രത്തിൽ ആദ്യമായി പാകിസ്ഥാൻ വ്യോമസേനയിൽ പൈലറ്റായി സ്ഥാനമേറ്റെടുത്ത് ഹിന്ദു യുവാവ്. രാജ്യത്തെ ന്യൂനപക്ഷമായ ഹിന്ദു സമുദായയത്തിലെ അംഗമായ രാഹുൽ ദേവ് എന്ന് പേരുള്ള യുവാവാണ് പാകിസ്ഥാൻ വ്യോമസേനയിലെ പൈലറ്റായി ഇന്ന് നിയമിതനായത്.
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ താർപ്പാക്കർ ആണ് രാഹുൽ ദേവിന്റെ സ്വദേശം. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളയാള്‍ പാകിസ്ഥാൻ വ്യോമസേനയിൽ നിയമിതനായതില്‍ സന്തോഷമുണ്ടെന്ന് ഓള്‍ പാകിസ്ഥാന്‍ ഹിന്ദു പഞ്ചായത്ത് സെക്രട്ടറിയായ രവി ധവാനി പ്രതികരിച്ചിട്ടുണ്ട്.
നിരവധി പേര്‍ ഇപ്പോള്‍ സിവില്‍ സര്‍വ്വീസിലും ആര്‍മിയിലും സേവനം ചെയ്യുന്നുണ്ടെന്നും ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ദേവിനെ പോലെയുള്ള നിരവധി പേര്‍ രാജ്യത്തിന് സേവനം ചെയ്യാന്‍ തയാറാണെന്നും അദ്ദേഹം പരാമർശിച്ചു.
പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾ അവഗണന നേരിടുകയാണെന്നും ഇവരുടെ ജനസംഖ്യയിൽ ഏതാനും വർഷങ്ങളായി കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ടെന്നും മുൻപ് ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഈ ആരോപണങ്ങള്‍ തള്ളികൊണ്ട് പാകിസ്ഥാന്‍ വിദേശ കാര്യ ഓഫീസ് അടുത്തിടെ രംഗത്ത് വന്നിരുന്നു.