ന്യൂഡൽഹി : അതിർത്തിയിൽ പാകിസ്ഥാന്റെ പ്രകോപനങ്ങൾക്ക് ഇന്ത്യ ശക്തമായ തിരിച്ചടി നൽകുമെന്ന് കരസേനാ മേധാവി ജനറൽ എം.എം. നരവനെ. നിയന്ത്രണരേഖ ലംഘിച്ച് പാകിസ്ഥാന്റെ മൗനാനുവാദത്തോടെ പാക് തീവ്രവാദികൾ നടത്തുന്ന ആക്രമണങ്ങൾക്ക് ഇന്ത്യ പകരം ചോദിയ്ക്കും. കാശ്മീരിലെ ഭീകരാക്രമണങ്ങൾ പാക്കിസ്ഥാൻ ആഗോള ഭീഷണിയാണെന്നു കാണിക്കുന്നു. കാശ്മീരിന്റെ സുഹൃത്താണെന്നു പറയുന്ന പാക്കിസ്ഥാൻ കാശ്മീരികളെ കൊന്നൊടുക്കുന്നുവെന്ന് വാർത്താഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ നരവനെ പറഞ്ഞു.
മേഖലയിൽ സമാധാനം സ്ഥാപിക്കേണ്ടത് പാക്കിസ്ഥാന്റെ ഉത്തരവാദിത്തമാണ്. സങ്കുചിത മനോഭാവവും നിയന്ത്രിത അജൻഡയുമായി ഭീകരരെ ജമ്മു കാശ്മീരിലേക്ക് പാക്കിസ്ഥാന്‍ അയയ്ക്കുകയാണ്. ഭീകരവാദത്തെ പിന്തുണയ്ക്കുകയും അതിർത്തിയിലെ വെടിനിറുത്തൽ കരാർ ലംഘിക്കുകയും ചെയ്യുന്ന പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകുമെന്ന് നരവനെ മുന്നറിയിപ്പ് നൽകി.
സ്വന്തം പൗരന്മാരെ മഹാമാരിയിൽനിന്നു രക്ഷിക്കാൻ വഴി കണ്ടെത്തുന്നതിനു പകരം കാശ്മീരിലില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചാണ് പാകിസ്ഥാൻ പറഞ്ഞത്. അതിർത്തിയിലെ വെടിനിറുത്തൽ ലംഘനങ്ങളുടെ തീവ്രത പാക്കിസ്ഥാൻ കൂട്ടിയിട്ടുണ്ട്. നിയന്ത്രണരേഖയ്ക്കു സമീപം താമസിക്കുന്ന സാധാരണക്കാരെയാണ് പാക്ക് സൈന്യം ലക്ഷ്യമിടുന്നത്. ഭീകരരുടെ പട്ടികയിൽനിന്ന് പാകിസ്ഥാൻ പലരുടെയും പേരു മാറ്റിയത്, അവർ ഭീകരതരെ രാജ്യത്തിന്റെ നയമായി കാണുന്നതിന്റെ തെളിവാണ്’ – നരവനെ കൂട്ടിച്ചേർത്തു.
വടക്കൻ കാശ്മീരിലെ ഹന്ദ്വാരയിലെ ചഞ്ച്മുള്ള ഗ്രാമത്തിൽ ഭീകരർ വീടിനുള്ളിൽ ബന്ദികളാക്കിയവരെ രക്ഷപ്പെടുത്താൻ സൈന്യം ഇറങ്ങിയിരുന്നു. ഈ പോരാട്ടത്തിൽ കേണൽ അടക്കം 5 പേർ വീരമൃത്യു വരിച്ചു. പാക്ക് സ്വദേശിയായ ലഷ്‌കറെ തയിബ കമാൻഡർ ഉൾപ്പെടെ 2 ഭീകരരെയും വധിച്ചിട്ടുണ്ട്.