തിരുവനന്തപുരം: കേരളത്തിന് ഇന്നലെയും ഇന്നും ആശ്വാസത്തിന്റെ ദിനങ്ങളാണ്. ഇന്ന് സംസ്ഥാനത്ത് ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മാത്രമല്ല, 61 പേർക്ക് രോഗം ഭേദമായിട്ടുമുണ്ടെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. കണ്ണൂരിൽ 19 പേർ , കാസർകോട്ട് 2, ഇടുക്കിയിൽ 11, കോഴിക്കോട്ട് 4, കൊല്ലത്ത് 9, കോട്ടയത്ത് 12, മലപ്പുറത്ത് 2, തിരുവനന്തപുരത്ത് 2 എന്നിങ്ങനെയാണ് കൊവിഡ് രോഗം ഭേദമായവരുടെ കണക്കുകൾ.
കണക്കുകൾ സൂചിപ്പിക്കുന്നതനുസരിച്ച് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ നിലവിൽ കൊവിഡ് ബാധിതർ ഇല്ല. നേരത്തെ എറണാകുളം, തൃശൂർ, ആലപ്പുഴ എന്നീ ജില്ലകളിലും രോഗബാധിതരുടെ എണ്ണം പൂജ്യത്തിലേക്ക് എത്തിയിരുന്നു. ഇതോടെ കേരളത്തിൽ ആറ് ജില്ലകളാണ് കൊവിഡ് രോഗബാധിതരില്ലാത്ത നിലയിലേക്ക് എത്തിയിരിക്കുന്നത്.
മേയ് ഒന്നിനും സംസ്ഥാനത്ത് പുതിയ കൊവിട് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇപ്പോഴത്തെ അവസ്ഥയിൽ സംസ്ഥാനത്ത് പുതിയ തീവ്ര ബാധിത മേഖലകളുമില്ല. 21,724 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇപ്പോൾ 34 പേർ മാത്രമാണ് കൊവിഡ് രോഗം ബാധിച്ച് ചികിത്സയിലിരിക്കുന്നത്. സംസ്ഥാനത്ത് 499 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
ഇതിൽ 21,352 പേര്‍ വീടുകളിലും 372 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. 33,010 സാമ്പിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 32,315 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചിരുന്നു.