covid-19
COVID 19

വാഷിംഗ്ടൺ : യൂറോപ്യൻ രാജ്യങ്ങളിൽ രോഗ വ്യാപന നിരക്ക് കുറഞ്ഞെങ്കിലും റഷ്യയും ബ്രസീലും കോവിഡിന്റെ പുതിയ 'ഹോട്ട് സ്പോട്ടുകളായി' മാറുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 10581 പേർക്കാണ് റഷ്യയിൽ രോഗം സ്ഥിരീകരിച്ചത്.ഇതോടെ രോഗികളുടെ എണ്ണത്തിൽ റഷ്യ ഏഴാം സ്ഥാനത്തായി.അതേസമയം ബ്രസിലിൽ രോഗവ്യാപനമുണ്ടെങ്കിലും ലാഘവത്തോടെയാണ് ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ ഇതിനെ കാണുന്നതെന്നാണ് ആരോപണം.

മതിയായ പരിശോധന സംവിധാനങ്ങളോ പ്രതിരോധന പ്രവർത്തനങ്ങളോ ഇല്ലാത്തതിനാൽ രാജ്യത്ത് കേസുകൾ വർദ്ധിക്കുകയാണ്. ബ്രസീലിൽ രോഗബാധിതർ ഒരു ലക്ഷം പിന്നിട്ടു. ഏഴായിരത്തോളം പേരാണ് മരിച്ചത്.

അതേസമയം ബ്രിട്ടനിലും അമേരിക്കയിലും ആശങ്ക തുടരുകയാണ്. ബ്രിട്ടനിൽ പ്രതിദിന മരണസംഖ്യ 600ന് മുകളിലാണ്. നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതിനെക്കുറിച്ച് അടുത്തയാഴ്‍ച തീരുമാനമെടുക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. അമേരിക്കയിൽ വ്യാപനം കുറയുന്നുണ്ടെന്ന ട്രംപ് സർക്കാർ പറയുന്നുണ്ടെങ്കിലും രോഗബാധിതരുടെ എണ്ണം 11 ലക്ഷം കവിഞ്ഞു. ആകെ മരണം 70000ത്തിലേക്ക് അടുക്കുകയാണ്.ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷം കവിഞ്ഞു.11.54 ലക്ഷത്തിലേറെപ്പേർ രോഗവിമുക്തി നേടി.

ബ്രസീൽ പ്രസിഡന്റിന് വലുത് ഫുട്ബാൾ കളി

കൊവിഡ് 'ഭീകരാവസ്ഥയിൽ ' എത്തിയിട്ടും രാജ്യത്ത് നിറുത്തി വച്ചിരിക്കുന്ന ഫുട്ബോൾ മത്സരങ്ങൾ പുനരാരംഭിക്കുന്നതിനെക്കുറിച്ചാണ് ബ്രസീൽ പ്രസിഡന്റ് ബോൽസൊനാരോ പറയുന്നത്. ഫുട്ബോൾ താരങ്ങൾക്ക് നല്ല ശാരീരിക ക്ഷമതയുണ്ടായതിനാൽ കൊവിഡ് ബാധിച്ച് മരിക്കാനുള്ള സാദ്ധ്യത വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു.വരുന്ന രണ്ടാഴ്ചയ്ക്കുള്ളിൽ ബ്രസീൽ അതിഭീകരമായ അവസ്ഥയിലേക്ക് നീങ്ങുമെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടും ജനങ്ങൾ പ്രതിഷേധിച്ചിട്ടും ബോൽസൊനാരോയ്ക്ക് കുലുക്കമില്ല.

 ഇറ്റലിയിലും ഫ്രാൻസിലും സ്പെയ്നിലും കൂടുതൽ ഇളവുകൾ.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഫ്രാൻസിൽ 135, സ്പെയിനിൽ 164, ഇറ്റലിയിൽ 174 എന്നിങ്ങനെയാണ് മരണം . മാർച്ച് മുതലുള്ള കണക്ക് പരിശോധിക്കുമ്പോഴുള്ള ഏറ്റവും കുറഞ്ഞ നിരക്കുകളാണിത്.

 ബംഗ്ലാദേശിൽ കേസുകൾ 10000 കവിഞ്ഞു.

 ദക്ഷിണാഫ്രിക്കയുടെ ജി.ഡി.പി 12 ശതമാനം കുറഞ്ഞേക്കുമെന്ന് റിപ്പോർട്ട്. ആഫ്രിക്കയിൽ രോഗം അതിവേഗം പടരുന്നതായി റിപ്പോർട്ട്. ദക്ഷിണാഫ്രിക്ക, ഈജിപ്റ്റ് എന്നിവിടങ്ങളിൽ 6000ത്തിലധികവും മൊറോക്കയിൽ 4000ത്തിൽ അധികവും രോഗികൾ.

 ദക്ഷിണ കൊറിയയിൽ സ്കൂളുകൾ തുറന്നു.

 കൊവിഡ് വാക്സിൻ തയ്യാറാകാൻ വർഷങ്ങൾ വേണ്ടി വന്നേക്കുമെന്ന് ജർമ്മൻ ആരോഗ്യമന്ത്രി ജെൻസ് സ്പാൻ.

 ജപ്പാനിൽ അടിയന്തിരാവസ്ഥ നീട്ടിയേക്കും.

 ചൈനയിൽ മൂന്ന് പുതിയ കേസുകൾ.

 മാർച്ചിന് ശേഷം ആദ്യമായി ന്യൂസിലാൻഡിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തില്ല.

 ബിസിനസുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ മലേഷ്യയിൽ ഇളവ്.

ഐവറി കോസ്റ്റ് പ്രധാനമന്ത്രി അർമാദോ ജോൺ കുലിബാലിയെ (61) അടിയന്തര ചികിത്സയ്ക്ക് ഫ്രാൻസിലേക്കു കൊണ്ടുപോയി. മാർച്ച് മുതൽ അദ്ദേഹം ക്വാറന്റൈനിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.