പാരിസ്: 2006 ലോകകപ്പിലെ ഫൈനൽ മത്സരത്തിൽ മാർക്കോ മറ്റെരാസിയെ തലകൊണ്ട് നെഞ്ചിലിടിച്ച് വീഴ്ത്താൻ സിനദിൻ സിദാനെ പ്രേരിപ്പിച്ചതെന്തായിരുന്നു?. മറ്റരാസി സിദാന്റെ സഹോദരിയെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചതാണ് കയ്യാങ്കളിക്ക് കാരണമായതെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഫുട്ബാൾ ലോകം അതേപ്പറ്റി ഏറെ ചർച്ച ചെയ്യുകയും ചെയ്തു. ഇത് ശരിവയ്ക്കുന്ന രീതിയിലാണ് കഴിഞ്ഞ ദിവസം മറ്റെരാസി ഒരു വെളിപ്പെടുത്തൽ നടത്തിയത്.
ഫ്രാൻസിനായി സിദാൻ ആദ്യഗോൾ നേടിയതോടെ അദ്ദേഹത്തെ മാർക്ക് ചെയ്യേണ്ട ചുമതല എനിക്കായിരുന്നു. ഗട്ടൂസോയുടെ വായിൽ നിന്നും വഴക്ക് കേൾക്കാതിരിക്കാനായി ഞാൻ സിദാന്റെ ഷർട്ടിൽ പിടിത്തമിട്ടു. ഷർട്ട് കുറച്ചുകഴിഞ്ഞ് ഊരിത്തരാമെന്ന് സിദാൻ പറഞ്ഞു. എനിക്ക് വേണ്ടത് നിന്റെ സഹോദരിയെയാണെന്ന് ഞാൻ തിരിച്ചടിച്ചു -മറ്റെരാസി പറഞ്ഞു
ഇത്കേട്ടതോടെ പ്രകോപിതനായ സിദാൻ മുന്നോട്ട് നീങ്ങി തന്നെ തലകൊണ്ട് ഇടിച്ചുവീഴ്ത്തുകയായിരുന്നു. സിദാന് ചുവപ്പ് കാർഡ് കിട്ടി. സിദാനെ ഫ്രഞ്ചുകാർ പിന്തുണച്ചു. പക്ഷേ സ്വന്തം രാജ്യത്തുനിന്ന് തനിക്ക് പിന്തുണ കിട്ടിയില്ലെന്നും മറ്റെരാസി കൂട്ടിച്ചേർത്തു.
ഷൂട്ടൗട്ടോളം നീണ്ട മത്സരത്തിൽ ഫ്രാൻസിനെ കീഴടക്കി ഇറ്റലി ചാമ്പ്യൻമാരാവുകയായിരുന്നു.