cm

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ ചിലവ് തങ്ങൾ വഹിക്കുമെന്ന കെ.പി.സി.സിയുടെ വാഗ്ദാനത്തെ പുച്ഛിച്ചുതള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിലാളികളുടെ ചിലവ് വഹിക്കാനായി കെ.പി.സി.സി ഇറങ്ങിപ്പുറപ്പെടുകയാണെകിൽ അതെങ്ങനെയുണ്ടാകുമെന്ന് ആളുകൾക്കെല്ലാം നല്ല ബോദ്ധ്യമുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കെ.പി.സി.സിയുടെ ഈ പ്രസ്താവനെക്കുറിച്ച് മാദ്ധ്യമപ്രവർത്തകർ ഓർമിപ്പിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രി സംഘടനയ്‌ക്ക് നേരെ പരിഹാസം തൊടുത്തത്. അക്കാര്യത്തിലേക്ക് അധികം കടക്കാതിരിക്കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാദ്ധ്യമപ്രവർത്തകരെ കാണുകയായിരുന്നു മുഖ്യമന്ത്രി.

തങ്ങളുടെ നാടുകളിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികൾ തന്നെയാണ് അവരുടെ ട്രെയിൻ ടിക്കറ്റിനുള്ള ചെലവുകൾ വഹിക്കുന്നത്. സ്വന്തം പണം ചെലവഴിച്ചാണ് അവർ യാത്ര ചെയ്യുന്നത്. കേന്ദ്ര സർക്കാർ ടിക്കറ്റ് ചെലവ് വഹിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. സംസ്ഥാന സർക്കാർ ഒരു ചെലവും വഹിക്കുന്നില്ല. മുഖ്യമന്ത്രി വ്യക്തമാക്കി.

തൊഴിലാളികളിൽ നിന്നുതന്നെ ടിക്കറ്റ് തുക ഈടാക്കുന്നതിനെതിരേ നേരത്തെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച് ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള പോരുകൾ മുറുകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ നിർധനരായ തൊഴിലാളികളുടെ ടിക്കറ്റ് ചെലവ് കോൺഗ്രസ് വഹിക്കുമെന്നും അറിയിച്ചു സോണിയ ഗാന്ധി രംഗത്ത് വന്നിരുന്നു.