ന്യൂഡൽഹി :കൊവിഡിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ന് അനുമതി നൽകിയിരുന്നു. പ്രവാസികളുമായി ആദ്യവിമാനം യു.എ.ഇയിൽ നിന്നായിരിക്കുമെന്ന് ഉത്തതല വൃത്തങ്ങൾ അറിയിച്ചു. അമേരിക്ക.. യൂറോപ്പ് എന്നിവിടങ്ങളിലേക്കും വിമാനങ്ങൾ അയക്കും. മാലിദ്വീപിൽ നിന്ന് ഇന്ത്യക്കാരെ എത്തിക്കാനായി കപ്പൽ അയയ്ക്കും. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഈയാഴ്ച തന്നെ വിമാന സർവീസുണ്ടാകുമെന്നാണ് സൂചന.
മേയ് ഏഴ് മുതൽ ഘട്ടം ഘട്ടമായി വിവിധ രാജ്യങ്ങളിലെ പ്രവാസികളെ ഇന്ത്യയിലെത്തിക്കും. തിരികെ വരുന്നതിനുള്ള മാനദണ്ഡങ്ങളും തിരികെ കൊണ്ടു വരേണ്ടവരുടെ പട്ടികയും വിദേശകാര്യമന്ത്രാലയം തയ്യാറാക്കും. കൃത്യമായി സ്ക്രീനിംഗ് നടത്തി കൊവിഡ് രോഗലക്ഷണങ്ങളില്ല എന്നുറപ്പ് വരുത്തിയ ശേഷമായിരിക്കും പ്രവാസികളെ മടക്കി കൊണ്ടുവരിക. വാണിജ്യ വിമാന സർവീസുകള്‍ക്ക് പകരം പ്രത്യേക വിമാന സര്‍വീസുകളായിരിക്കും നടത്തുക. യാത്രചിലവ് തിരികെ മടങ്ങുന്നവർ തന്നെ വഹിക്കേണ്ടി വരുമെന്നും ഉത്തരവിലുണ്ട്.
വിമാനത്തിൽ കയറുന്നതിന് മുമ്പ് എല്ലാവരെയും മെഡിക്കൽ സ്ക്രീനിംഗിന് വിധേയമാക്കും. തുടർന്ന് രോഗലക്ഷണങ്ങളില്ലാത്തവർക്ക് മാത്രമായിരിക്കും യാത്രാ അനുമതി. യാത്രയിലും സാമൂഹിക അകലം ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾപാലിക്കണം. ഇന്ത്യയിലെത്തിയ ഉടൻ ആരോഗ്യ സേതു ആപ്ലിക്കേഷൻ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യണം. തിരിച്ചെത്തിയ ശേഷവും പരിശോധനയ്ക്ക് വിധേയമാക്കും. തിരിച്ചെത്തുന്ന എല്ലാവരും 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈനിൽ പോകണം. പ്രവാസികൾ തിരികെ എത്തുമ്പോൾ സ്വീകരിക്കേണ്ട ഒരുക്കങ്ങൾ എല്ലാ സംസ്ഥാനങ്ങളും നടത്തണമെന്നും ഉത്തരവിൽ പറയുന്നു.