കായികരംഗത്തെ ആഗോളവ്യാപകമായി തളർത്തിയിരിക്കുകയാണ് കൊവിഡ് 19. ഇൗ വർഷം നടക്കേണ്ട ഒളിമ്പിക്സും യൂറോകപ്പും കോപ്പ അമേരിക്കയുമൊക്കെ മാറ്റിവച്ചിരിക്കുകയാണ്. വിംബിൾഡൺ റദ്ദാക്കി. ഫ്രഞ്ച് ഒാപ്പണും യു.എസ് ഒാപ്പണും നടക്കുമോ എന്ന് ഉറപ്പില്ല. ഐ.പി.എൽ അനിശ്ചിതമായി നീട്ടിവച്ചിരിക്കുകയാണ്. യൂറോപ്പിൽ ഫുട്ബാൾ ലീഗുകൾ തുടങ്ങാൻ വട്ടംകൂട്ടുന്നുണ്ടെങ്കിലും സെപ്തംബർ വരെ കളി വേണ്ടെന്ന ഫിഫ മെഡിക്കൽ തലവന്റെ മുന്നറിയിപ്പ് ഭീഷണിയാണ്.
ഇൗ ആസുര കാലത്ത് ഏറ്റവും കൂടുതൽ വിഷമത്തിലായിരിക്കുന്നത് കരിയറിന്റെ അവസാനഘട്ടത്തിലെത്തി നിൽക്കുന്ന ഒരുകൂട്ടം കളിക്കാരാണ്. അവരിൽ ക്രിക്കറ്റ് താരങ്ങളുണ്ട്, ഫുട്ബാൾ താരങ്ങളുണ്ട്, ടെന്നിസ് താരങ്ങളുണ്ട്. ഇൗ ഒളിമ്പിക് വർഷത്തിൽ വിരമിക്കാൻ കാത്തുനിന്നിരുന്നവരുണ്ട്. ഇവരുടെ ഭാവി എങ്ങനെയായിരിക്കുമെന്നതിലേക്ക് ഒരു എത്തിനോട്ടം.
മഹേന്ദ്ര സിംഗ് ധോണി
വരുന്ന ജൂലായ് ഏഴിന് 39-ാം വയസിലേക്ക് കടക്കുന്ന ധോണി കഴിഞ്ഞ ജൂലായ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചിട്ടില്ല. ഇനിയൊരു അന്താരാഷ്ട്ര മത്സരത്തിൽ കളിക്കാൻ ധോണിക്ക് അവസരമുണ്ടാകുമോ എന്നാണ് ആരാധകരുടെ ആശങ്ക. ഇൗ വർഷത്തെ ഐ.പി.എല്ലിൽ കളിച്ച് ഫോം വീണ്ടെടുക്കാനും അതുവഴി ഒക്ടോബറിലെ ട്വന്റി-20 ലോകകപ്പിൽ കളിക്കാനുമായിരുന്നു ധോണിയുടെ പദ്ധതി.മാർച്ച് ആദ്യവാരം ചെന്നൈ സൂപ്പർ കിംഗ്സിന്റെ പരിശീലനക്യാമ്പിലെത്തി ധോണി പ്രാക്ടീസ് തുടങ്ങുകയും ചെയ്തു. എന്നാൽ ലോക്ക്ഡൗൺ വന്നതോടെ അതിന് താഴുവീണു.
ഐ.പി.എല്ലിൽ കളിച്ചില്ലെങ്കിലും ധോണിയെ ലോകകപ്പ് ടീമിൽ എടുക്കണമെന്ന് മുൻ താരങ്ങളിൽ പലരും അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ റിഷഭ് പന്ത് , കെ.എൽ രാഹുൽ എന്നിവർ പ്ളേയിംഗ് ഇലവനിലെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്. പുതിയ ചീഫ് സെലക്ടർ സുനിൽ ജോഷി ധോണിയുടെ സ്ഥാനത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
റോജർ ഫെഡററർ
ധോണി ജൂലായിലെങ്കിൽ അടുത്തമാസം ഫെഡററർ 39ലെത്തും.ഇനിയൊരു ഗ്രാൻസ്ളാം കിരീടം കൂടി നേടാൻ ഫെഡറർക്ക് ബാല്യമുണ്ടോ എന്നതാണ് ആരാധകരുടെ സന്ദേഹം.സെപ്തംബർ - ഒക്ടോബർ മാസങ്ങളിലായി ഫ്രഞ്ച് ഒാപ്പൺ നടന്നേക്കാം. എന്നാൽ ക്ളേ കോർട്ടിൽ കിരീടപ്രതീക്ഷ ഫെഡറർക്ക് കുറവാണ്. പ്രതീക്ഷയുണ്ടായിരുന്ന വിംബിൾഡൺ റദ്ദാക്കുകയും ചെയ്തു. യു.എസ് ഒാപ്പണിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല.
ഇൗ കൊവിഡ് കാലത്ത് ഫെഡററർ പോസിറ്റീവായി കാണുന്നത് വിശ്രമിക്കാനും ഫിറ്റ്നസ് വീണ്ടെടുക്കാനും ലഭിക്കുന്ന സമയമാണ്. ഇതിലൂടെ 2021 സീസണിലും ഒളിമ്പിക്സിലും കളിക്കാനാകുമെന്ന് ഫെഡററർ കരുതുന്നുണ്ട്.
സെറീന വില്യംസ്
മാർഗരറ്റ് കോർട്ടിന്റെ 24 ഗ്രാൻസ്ളാം കിരീടങ്ങളെന്ന റെക്കാഡ് മറികടക്കാൻ സെപ്തംബറിൽ 39 വയസ് തികയുന്ന സെറീന വില്യംസ് കാത്തിരിക്കുകയാണ്. ഇപ്പോൾ 23 കിരീടങ്ങളാണ് ഇൗ അമേരിക്കൻ താരത്തിന് സ്വന്തമായുള്ളത്. പ്രസവത്തിന് ശേഷമുള്ള തിരിച്ചുവരവിൽ റെക്കാഡ് തകർക്കലാണ് സെറീന ലക്ഷ്യമാക്കിയിരുന്നത്. കഴിഞ്ഞ യു.എസ് ഒാപ്പണിന്റെ ഫൈനലിൽ തോറ്റില്ലായിരുന്നുവെങ്കിൽ ഇപ്പോൾ സെറീന മാർഗരറ്റ് കോർട്ടിനൊപ്പമെത്തിയേനെ.2017 ആസ്ട്രലിയൻ ഒാപ്പണിന് ശേഷം ഇതുവരെ ഗ്രാൻസ്ളാം കിരീടങ്ങൾ നേടിയിട്ടില്ലാത്ത സെറീനയ്ക്ക് പുതിയ തലമുറ താരങ്ങളുടെ വരവ് ഭീഷണിയാണ്.
ലിയാൻഡർ പെയ്സ്
പ്രായത്തെ എയ്സ് പറത്തിയ ലിയാൻഡർ പെയ്സ് ഒരു ഒളിമ്പിക്സിൽക്കൂടി കളിച്ച് കരിയറിന് കർട്ടനിടാൻ കാത്തിരിക്കുകയായിരുന്നു. എന്നാൽ ഒളിമ്പിക്സ് 2021ലേക്ക് നീട്ടിയത് പെയ്സിന് മുന്നിൽ വെല്ലുവിളി ഉയർത്തുന്നു. 46 വയസാണ് പെയ്സിനിപ്പോൾ. ഇൗ വർഷത്തോടെ പ്രൊഫഷണൽ സർക്യൂട്ടിൽ നിന്ന് വിരമിക്കുമെന്ന് പെയ്സ് അറിയിച്ചിരുന്നു. എന്നാൽ അടുത്തവർഷത്തെ ഒളിമ്പിക്സിൽ പങ്കെടുക്കാനായി ഒരു സീസൺ കൂടി തുടരേണ്ടിവരും. ഇന്ത്യയെ ഏറ്റവും കൂടുതൽ ഒളിമ്പിക്സുകളിൽ പ്രതിനിധീകരിച്ച റെക്കാഡിനുടമായായ ലിയാൻഡറിന് എട്ടാം ഒളിമ്പിക്സിന് ഇറങ്ങാനാകുമോ എന്ന് കാത്തിരുന്ന് കാണാം.
സ്ളാട്ടൺ ഇബ്രാഹിമോവിച്ച്
കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ ക്ളബ് എ സി മിലാനിലേക്ക് തിരിച്ചെത്തിയ സ്വീഡിഷ് താരം സ്ളാട്ടൺ ഇബ്രാഹിമോവിച്ചിന് എട്ട് മത്സരങ്ങളിൽ മാത്രമാണ് കളിക്കാനായത്. അമേരിക്കൻ ക്ളബ് ലോസാഞ്ചലസ് ഗാലക്സിയിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിലൂടെ മിലാനിലെത്തിയ സ്ളാട്ടന് അടുത്ത സീസണിലും ഇവിടെ തുടരനാകണമെങ്കിൽ ചില കരാർ നിബന്ധനകളുണ്ട്.38 വയസിലെത്തിയ താരത്തെ മിലാൻ നിലനിറുത്തുമോ എന്നാണ് അറിയേണ്ടത്.
സുശീൽ കുമാർ
ഇൗ മാസം 37ലെത്തുന്ന ഇന്ത്യൻ ഗുസ്തി താരം സുശീൽ കുമാറിന് ഒരു ഒളിമ്പിക്സിൽ കൂടി രാജ്യത്തെ പ്രതിനിധീകരിക്കാനാകുമോ എന്നാണ് അറിയേണ്ടത്. രണ്ട് വ്യത്യസ്ത ഒളിമ്പിക്സുകളിൽ മെഡലുകൾ നേടിയ ഏകഇന്ത്യൻ താരമായ ഇൗ മുൻ ലോക ചാമ്പ്യൻ 2016 റിയോ ഒളിമ്പിക്സിന് യോഗ്യത നേടിയിരുന്നില്ല. ടോക്കിയോ ഒളിമ്പിക്സിനും യോഗ്യത ലഭിച്ചിട്ടില്ല. എന്നാൽ ഒളിമ്പിക്സ് ഒരു വർഷത്തേക്ക് നീട്ടിയതിനാൽ യോഗ്യത നേടാമെന്ന പ്രതീക്ഷയിലാണ് സുശീൽ.