തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് സംസ്ഥാനത്ത് അപേക്ഷിക്കുന്ന പ്രധാന വ്യവസായങ്ങൾക്കെല്ലാം അപേക്ഷിച്ച് ഒരാഴ്ചയ്ക്കകം ഉപാധികളോടെ ലൈസൻസും അനുമതിയും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരു വർഷത്തിനകം വ്യവസായസംരംഭകൻ നടപടിക്രമങ്ങൾ പൂർത്തിയാക്കണം. പോരായ്മകളുണ്ടായാൽ തിരുത്താനും അവസരം നൽകും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങൾ, കണ്ണൂർ തുറമുഖം, റെയിൽ, റോഡ് ശൃംഖലകളെ ബന്ധപ്പെടുത്തി ബഹുതല ലോജിസ്റ്റിക് അടിസ്ഥാനസൗകര്യമൊരുക്കും. അന്താരാഷ്ട്ര വ്യാപാര, വാണിജ്യ രംഗങ്ങളിൽ കേരളത്തെ ഇത് പ്രധാന ശക്തിയാക്കും. കയറ്റുമതി, ഇറക്കുമതി സാധ്യതകൾ പ്രയോജനപ്പെടുത്താൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോജിസ്റ്റിക് പാർക്കുകളൊരുക്കും. ഉത്തരമലബാറിന്റെ വികസനസാദ്ധ്യത കണക്കിലെടുത്ത് അഴീക്കൽ തുറമുഖം വികസിപ്പിക്കും. മൂല്യവർദ്ധനയ്ക്ക് ഊന്നൽ നൽകി ഉത്തരകേരളത്തിൽ നാളികേര പാർക്ക് ആരംഭിക്കും.
കേരളത്ത മികച്ച വ്യവസാകേന്ദ്രമാക്കാനുള്ള നടപടികൾക്കായി ഉപദേശകസമിതി രൂപീകരിക്കും. വ്യവസായ മുതൽമുടക്കിന് സ്റ്റാർ റേറ്റിംഗ് ഏർപ്പെടുത്തും.
ലോകത്തിന് മുന്നിൽ കേരളം സുരക്ഷിതകേന്ദ്രമായി മാറിയിട്ടുണ്ട്. ലോകത്തെ പ്രമുഖ നിക്ഷേപകർക്കിടയിൽ കേരളം ശ്രദ്ധാകേന്ദ്രമായി. ധാരാളം അന്വേഷണങ്ങളുണ്ടാകുന്നുണ്ട്. കൊവിഡ് കാരണം വിവിധ രാജ്യങ്ങളിലെ പ്രവാസി സഹോദരങ്ങളിൽ ഒരു വിഭാഗം ഇങ്ങോട്ടേക്ക് വരുന്നു. വലിയ അനുഭവസമ്പത്തുള്ളവരും വിവിധ മേഖലകളിൽ വൈദഗ്ദ്ധ്യം നേടിയവരും വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ളരുമെല്ലാം അവരിലുണ്ടാകും. അതൊരു മുതൽക്കൂട്ടാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് വ്യവസായ മുതൽമുടക്ക് വലിയതോതിൽ ആകർഷിക്കാനുള്ള ചില തീരുമാനങ്ങളെടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേട്ടം നാടിന്റെ കാര്യമായി
കാണണം : മുഖ്യമന്ത്രി
നാട്ടിൽ എന്തെങ്കിലുമൊക്കെ നല്ല മാറ്റങ്ങളുണ്ടായാൽ നാടിന്റെ പൊതുവായ കാര്യമായി കാണാതെ വിവാദങ്ങളിൽ മാത്രം സുഖം കാണുന്ന കൂട്ടരുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്തെങ്കിലുമൊക്കെ ഉണ്ടായാൽ എൽ.ഡി.എഫിന്റെ എന്തോ നേട്ടത്തിനാകും എന്നൊക്കെ ചിന്തിക്കുന്ന പ്രത്യേക മാനസികാവസ്ഥയിൽ നിൽക്കുകയല്ല വേണ്ടത്. കിഫ്ബി നിയമനത്തിനെതിരായ ആക്ഷേപം വികസനത്തിന് തുരങ്കം വയ്ക്കലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മളൊന്നായി ശ്രമിച്ചാൽ കുറേക്കൂടി പുതിയ കാര്യങ്ങളും നാട്ടിലുണ്ടാക്കാനാകും. ഇതേതെങ്കിലും വിഭാഗത്തിനുള്ളതല്ല. നാടിനാകെയാണ് ഗുണമായി വരുന്നത്. നമ്മുടെ വിഭവശേഷി നാം ഉപയോഗിക്കേണ്ട ഘട്ടമാണിത്. അതിന് സാഹചര്യമൊരുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കേണ്ടത് മാദ്ധ്യമങ്ങളാണ്.
സംസ്ഥാനം വലിയ പ്രയാസമനുഭവിക്കുമ്പോൾ നാടിന്റെ വികസനമുറപ്പാക്കാനുള്ള ബദൽമാർഗമായാണ് കിഫ്ബിയെ ശക്തിപ്പെടുത്തിയത്. അമ്പതിനായിരം കോടിയുടെ വികസനപദ്ധതികളെന്ന് പറഞ്ഞാണ് തുടങ്ങിയതെങ്കിലും ഇപ്പോൾ അതിലും കൂടുതലുണ്ടായി. ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിൽ നടപ്പാക്കിയ വികസനപദ്ധതികൾക്കെല്ലാം കിഫ്ബി ഫണ്ടായിരുന്നു. കേരളത്തിന്റെ പൊതുവികസനത്തിന് ഇത്രയും കാര്യങ്ങൾ ചെയ്യുമ്പോൾ അതിന് യോഗ്യരായവരെ നിയമിക്കണം. അവർക്ക് അതനുസരിച്ചുള്ള ശമ്പളം നൽകണം. നിങ്ങളുടെ (മാദ്ധ്യമപ്രവർത്തകർ) കഴിവിനും യോഗ്യതയ്ക്കുമനുസരിച്ചുള്ള ശമ്പളം കിട്ടിയില്ലെങ്കിൽ ആ സ്ഥാപനത്തിൽ പിന്നെ നിൽക്കുമോ? നാടിന്റെ തൊഴിൽസംസ്കാരത്തിനനുസരിച്ച മാറ്റങ്ങളുൾക്കൊണ്ട് ഒന്നിച്ച് നീങ്ങാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
റെയിൽപ്പാളം ഇരട്ടിപ്പിക്കൽ പുനരാരംഭിക്കും
സംസ്ഥാനത്ത് നേരത്തേ മരവിപ്പിച്ച മൂന്ന് റെയിൽപ്പാളങ്ങളുടെ ഇരട്ടിപ്പിക്കൽ ജോലി പുനരുജ്ജീവിപ്പിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആലപ്പുഴ - കായംകുളം 69കി.മീ നീളത്തിൽ പാളം ഇരട്ടിപ്പിക്കാൻ 1439കോടിയുടെ പദ്ധതിക്കാണ് അനുമതി. എറണാകുളം - കുമ്പളം 7.7കി.മീ ഇരട്ടിപ്പിക്കലിന് 189കോടി, കുമ്പളം - തുറവൂർ 15.59കി.മീ 250കോടി, തുറവൂർ- അമ്പലപ്പുറ 45.7കി.മീ 1000കോടി എന്നിങ്ങനെയാണ് അനുവദിച്ചത്.