ന്യഡൽഹി: സ്‌കൂളിൽ ഒപ്പം പഠിക്കുന്ന പെൺകുട്ടികളെ കുറിച്ച് തീർത്തും അശ്ലീലമായ രീതിയിലുള്ള സംസാരം, അവരെ ലൈംഗികമായി പീഡിപ്പിക്കണമെന്ന ആഗ്രഹപ്രകടനം, പെൺകുട്ടികളെ കുറിച്ച് അപവാദങ്ങൾ പ്രചരിപ്പിക്കുക. ഇങ്ങനെ പോകുന്നു ഡൽഹിയിലെ ചില മുന്തിയ സ്‌കൂളുകളിലെ കൗമാരപ്രായക്കാരായ ആൺകുട്ടികളുടെ വിനോദങ്ങൾ.
ഒരു ഇൻസ്റ്റാഗ്രാം ഗ്രൂപ്പ് വഴിയാണ് ഇവർ ഇങ്ങനെയുള്ള 'വിനോദങ്ങളി'ൽ ഏർപ്പെടുന്നത്. 'ബോയ്സ് ലോക്കർ റൂം' എന്ന് പേരുള്ള ഈ ഗ്രൂപ്പിൽ പെൺകുട്ടികളുടെ അനുവാദമില്ലാതെ അവരുടെ ചിത്രങ്ങൾ ഇവർ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നുണ്ടെന്നാണ് വിവരം.
ഇത്തരത്തിലുള്ള ഇവരുടെ മെസേജുകളുടെ സ്ക്രീൻഷോട്ടുകൾ നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടതോടെയാണ് വിദ്യാർത്ഥികളുടെ പ്രവൃത്തികളുടെ ആഴം പുറംലോകം മനസിലാക്കുന്നത്. ഇവരിൽ കൂടുതൽ പേരും ഡൽഹിയിലെ ഏറ്റവും മികച്ച സ്‌കൂളുകളിൽ പടിക്കുന്നവരാണെന്നാണ് വിവരം.
സ്ക്രീൻഷോട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് കൂട്ടബലാസംഗമാണ് ഗ്രൂപ്പിൽ ഇവരുടെ 'ഇഷ്ടവിഷയം'. ബലാത്സംഗത്തെ കുറിച്ചുള്ള സംസാരം, സ്ത്രീവിരുദ്ധത, പെൺകുട്ടികളെ ലൈംഗികമായി സാധനവത്കരിക്കുക(ഒബ്ജക്ടിഫിക്കേഷൻ) എന്നിവ ഗ്രൂപ്പിൽ യഥേഷ്ടം നടക്കുന്നുണ്ടെന്നും സോഷ്യൽ മീഡിയാ യൂസേഴ്സ് വ്യക്തമാക്കുന്നു.
തങ്ങളെ കുറിച്ച് പുറത്ത് പറയുന്ന പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് ഇവർ പറയുന്ന സ്ക്രീൻഷോട്ടുകളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. വിഷയം പുറത്തറിഞ്ഞതോടെ പല മാതാപിതാക്കളും തങ്ങളുടെ കുട്ടികളുടെ സുരക്ഷയെപ്പറ്റി ആശങ്കപ്പെട്ടുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ്.
ഏതായാലും ഇത് സംബന്ധിച്ച് ഡൽഹി പൊലീസിന്റെ സൈബർ ക്രൈംസ് വിഭാഗം ഇപ്പോൾ കേസെടുത്തിട്ടുണ്ട്. ഗ്രൂപ്പിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ഇൻസ്റ്റഗ്രാമിൽ ഉടമയായ ഫേസ്ബുക്കിന്റെ അധികൃതരെയും പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്.