inchivila-a

തിരുവനന്തപുരം: നോർക്ക മടക്കയാത്രാ പാസ് നൽകിത്തുടങ്ങിയതോടെ ഇന്നലെ പുലർച്ചെ മുതൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മലയാളികൾ നാട്ടിലേക്ക് എത്തിത്തുടങ്ങി. ആദ്യദിവസം 515 പേരെത്തിയെന്നാണ് ഒൗദ്യോഗിക കണക്ക്.

ഇവർക്കായി ഇഞ്ചിവിള (തിരുവനന്തപുരം)​,​ ആര്യങ്കാവ് (കൊല്ലം)​,​ കുമിളി (ഇടുക്കി)​,​ വാളയാർ (പാലക്കാട്)​,​ മുത്തങ്ങ (വയനാട്)​,​ മഞ്ചേശ്വരം (കാസർകോട്)​ എന്നിവിടങ്ങളിൽ പ്രത്യേക കവാടം സജ്ജമാക്കിയിട്ടുണ്ട്. ഡോക്‌ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും കൗണ്ടറുകളും പാസ് പരിശോധിക്കാൻ പൊലീസ് പോസ്റ്റുമുണ്ട്. ഹെൽപ് ഡെസ്‌കുകളും ക്രമീകരിച്ചു.

എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കി കൊവിഡ് ബാധയില്ലെന്ന് ഉറപ്പാക്കിയ ശേഷം വിവിധ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റി. ചിലരെ വീടുകളിൽ ക്വാറന്റൈനിൽ കഴിയാൻ അനുവദിച്ചു. കർണാടകയിലെ മൈസൂരിൽ സ്‌പീച്ച് ആൻഡ് ഹിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനത്തിന് പോയി കുടുങ്ങിയ 60 ഭിന്നശേഷി വിദ്യാർത്ഥികളും രക്ഷിതാക്കളുമുൾപ്പെട്ട 106 പേരും ഇന്നലെ എത്തി. വയനാട്ടിലെ മുത്തങ്ങ ചെക്ക് പോസ്റ്രുവഴിയാണ് ഇവരെത്തിയത്.