yy

തിരുവനന്തപുരം :ജില്ലയ്ക്കകത്തും മറ്റുജില്ലകളിലേക്കും യാത്രചെയ്യാനുള്ള അനുമതിക്ക് നാളെ മുതൽ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് പാസ് ലഭിക്കും. അതത് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ പാസ് അനുവദിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. മറ്റുജില്ലകളിൽ ലോക്ഡൗണിൽ കുടുങ്ങിയവർക്ക് വീടുകളിൽ തിരിച്ചെത്താൻ പാസ് ഉപയോഗിക്കാം. ആശുപത്രി, വിവാഹം, മരണം തുടങ്ങിയ ഏഴ് ആവശ്യങ്ങൾക്കാണ് അനുമതി.

പൊലീസിന്റെ വെബ്സൈറ്റ്, ഫേസ്ബുക്ക് പേജ് എന്നിവയിൽ ലഭ്യമാക്കിയിട്ടുള്ള പാസിന്റെ മാതൃകയുടെ പ്രിന്റൗട്ട് എടുത്ത് പൂരിപ്പിച്ച് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നൽകണം.

ഇ–മെയിൽ വഴിയും അപേക്ഷ നൽകാം. രാവിലെ 7 മണിമുതൽ വൈകിട്ട് 7 മണിവരെയാണ് പാസിന് സാധുത ഉണ്ടാവുക. വളരെ അത്യാവശ്യമുള്ള മെഡിക്കൽ ആവശ്യങ്ങൾക്കുമാത്രമെ രാത്രി യാത്ര അനുവദിക്കൂ. അനുവാദം ലഭിക്കുന്നവർ ശാരീരികഅകലം പാലിച്ചുവേണം യാത്രചെയ്യേണ്ടതെന്നും ഡി.ജി.പി അറിയിച്ചു. ഈ സംവിധാനം കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.