ബീജിംഗ്: ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾക്ക് രാജ്യത്ത് നിക്ഷേപം നടത്താൻ കേന്ദ്ര അനുമതി വേണമെന്ന നിർദേശം വന്നത് അടുത്തിടെയാണ്. വിദേശനിക്ഷേപവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം വരുത്തിയാണ് ഇന്ത്യ ചൈനയ്ക്ക് 'പണി' നൽകിയത്. ഇതോടെ ഇന്ത്യൻ സ്ഥാപനങ്ങൾ പതുക്കെ പിടിച്ചടക്കണമെന്ന ചൈനയുടെ ആഗ്രഹത്തിന് ഇന്ത്യ തടയിടുകയായിരുന്നു. ഇന്ത്യയുടെ ഈ തീരുമാനത്തിനെതിരെ ചൈന വിമർശനവുമായി രംഗത്ത് വന്നിരുന്നുവെങ്കിലും ഇന്ത്യൻ നടപടിക്കെതിരെ അധികനാൾ പ്രതിരോധത്തിൽ നിൽക്കാൻ രാജ്യത്തെ അമേരിക്ക അനുവദിച്ചില്ല.
കൊവിഡ് വൈറസിനെ ലാബിൽ നിന്നും ചൈന പുറത്തുവിട്ടതാണെന്ന് ആരോപിച്ചുകൊണ്ട് അമേരിക്ക വീണ്ടും പല്ലും നഖവും ഉപയോഗിച്ച് ചൈനയെ ആക്രമിക്കാൻ തുനിയുകയായിരുന്നു. അമേരിക്കന്‍ ഇന്റലിജന്റ്‌സ് വിഭാഗം മറുത്ത് പറഞ്ഞിരുന്നുവെങ്കിലും. ലോകാരോഗ്യ സംഘടന ചൈനയെ പിന്തുണയ്ക്കുന്നു എന്നാരോപിച്ചുകൊണ്ട് നേരത്തെ തന്നെ അമേരിക്ക ചൈനയ്‌ക്കെതിരെ നിലപാടെടുത്തിരുന്നു. എന്നാൽ ഇപ്പോൾ കൊവിഡ് വ്യാപിക്കാൻ കാരണം ചൈനയുടെ അലംഭാവമാണ് കാരണം എന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദത്തോട് ലോകത്തെ മറ്റ് പ്രധാന രാജ്യങ്ങൾ കൂടി യോജിക്കുകയാണ്.
ആസ്‌ത്രേലിയ, ജർമനി, ബ്രിട്ടൻ എന്നീ രാജ്യങ്ങളാണ് ഇപ്പോൾ പ്രധാനമായും ചൈനയ്‌ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. കൊവിഡിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്നാണ് അമേരിക്കയുടെ ചുവടുപിടിച്ചുകൊണ്ട് ആസ്‌ത്രേലിയയും ഇപ്പോൾ ആവശ്യപ്പെടുന്നത്. ജർമനിയും ബ്രിട്ടനുമാകട്ടെ '5 ജി' സ്ഥാപിക്കുന്നതിനായി ചൈനീസ് ടെക് ഭീമന്മാരായ വാവെയെ ക്ഷണിക്കുന്നതില്‍ പുനരാലോചന നടത്തുമെന്നും ഇപ്പോൾ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ജര്‍മനിയില്‍ കൊവിഡ് വ്യാപിച്ചതിന് 160 ബില്ല്യണ്‍ ഡോളര്‍ ചൈനയില്‍ നിന്ന് ആവശ്യപ്പെടണമെന്ന് ഒരു ജര്‍മന്‍ പത്രവും അഭിപ്രായപ്പെട്ടിരുന്നു. വംശീയ പരാമര്‍ശത്തെ തുടര്‍ന്ന് ഫ്രാന്‍സ്, കസാഖിസ്ഥാന്‍, നൈജീരിയ, കെനിയ, ഉഗാണ്ട, ഘാന തുടങ്ങിയ രാജ്യങ്ങള്‍ ചൈനീസ് അംബാസഡര്‍മാരെ വിളിച്ചുവരുത്തിയിരുന്നു. ഇതോടെ, ലോകമാകമാനം പടർന്ന് പന്തലിക്കാമെന്ന ചൈനയുടെ ബിസിനസ് സ്വപ്നങ്ങൾക്കും തിരശീല വീണ് തുടങ്ങുന്നതാണ് ഇപ്പോൾ കാണാനാകുന്നത്.
വൈറസ് വ്യാപനത്തിന്റെ തുടക്കത്തില്‍ ചൈന നിഷ്‌ക്രിയമായതാണ് ലോകമാകെ രോഗം വ്യാപിക്കാന്‍ കാരണമെന്നാണ് മുന്‍നിര രാജ്യങ്ങങ്ങൾ പ്രധാനമായും പറയുന്നത്. കൊവിഡ് വ്യാപനത്തില്‍ മറ്റ് രാജ്യങ്ങളുടെ വിമര്‍ശനം ചൈന ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. രാജ്യത്തെ രോഗവ്യാപനം നിയന്ത്രിണ വിധേയമായ ശേഷം മെഡിക്കല്‍ ഉപകരണങ്ങള്‍ കയറ്റിയയക്കുന്നത് വിമർശനങ്ങളെ ലഘൂകരിക്കാൻ ഉപകരിക്കുമെന്നായിരുന്നു ചൈനയുടെ പ്രതീക്ഷയെങ്കിലും അത് ഇപ്പോൾ ആസ്ഥാനത്താകുന്ന കാഴ്ചകളാണ് കാണുന്നത്.