ന്യൂഡൽഹി: കേരളമടക്കം വിവിധ സംസ്ഥാനങ്ങളിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ ട്രെയിൻ യാത്രാക്കൂലി സംബന്ധിച്ച രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. ടിക്കറ്റ് നിരക്കിൽ 85 ശതമാനം സബ്സിഡി നൽകുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. എന്നാൽ, സൗജന്യമൊന്നും നൽകുന്നില്ലെന്നും ട്രെയിൻ ടിക്കറ്റിനുള്ള പണം പാർട്ടി പിരിച്ചു നൽകുമെന്നും കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു.
കേരളത്തിൽ നിന്ന് പുറപ്പെട്ട ശ്രമിക് ട്രെയിനുകളിൽ യാത്ര ചെയ്ത തൊഴിലാളികളിൽ നിന്ന് ടിക്കറ്റിനുള്ള പണം ഈടാക്കിയതിനെതിരെ ബി.ജെ.പിയും കോൺഗ്രസും രംഗത്തെത്തിയതോടെയാണ് വിഷയം വിവാദമായത്. 85 ശതമാനം സബ്സിഡി കഴിച്ച് ,ബാക്കി 15 ശതമാനം സംസ്ഥാന സർക്കാരുകളാണ് നൽകേണ്ടതെന്ന് റെയിൽവേ അറിയിച്ചു. സംസ്ഥാന സർക്കാരുകൾ തയ്യാറാക്കുന്ന പട്ടികയിലുള്ളവരെ മാത്രമേ ട്രെയിനിൽ കയറ്റുന്നുള്ളൂ. ഭക്ഷണവും വെള്ളവും റെയിൽവേ ഏർപ്പാട് ചെയ്യുന്നുണ്ട്. തൊഴിലാളികളെ ലക്ഷ്യസ്ഥാനത്തെത്തിച്ച ശേഷം ട്രെയിനുകൾ കാലിയായാണ് മടങ്ങുക.
പണം ഞങ്ങൾ പിരിച്ചെടുത്ത്
നൽകും: സോണിയാഗാന്ധി
. ഭക്ഷണം കഴിക്കാൻ പോലും പണമില്ലാത്ത തൊഴിലാളികളിൽ നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് നീതീകരിക്കാനാകില്ല. ഗുജറാത്തിലെ ഒരു പരിപാടിയിൽ (യു.എസ് പ്രസിഡന്റ് ട്രംപിന് സ്വാഗതമോതിയ ചടങ്ങ്) പങ്കെടുത്തവർക്ക് സർക്കാർ ഭക്ഷണത്തിനും യാത്രയ്ക്കുമായി 100 കോടി രൂപ ചെലവാക്കി. പി.എം കേയേഴ്സ് ഫണ്ടിലേക്ക് റെയിൽവേ 150 കോടി സംഭാവന ചെയ്തു. തൊഴിലാളികളുടെ യാത്ര എന്തുകൊണ്ട് സൗജന്യമാക്കുന്നില്ല. അവരുടെ യാത്രാച്ചെലവിനുള്ള പണം പിരിച്ചെടുത്ത് നൽകാൻ എല്ലാ പി.സി.സികളോടും നിർദ്ദേശിച്ചിട്ടുണ്ട്.
ആയിരം രൂപ
യാത്രാക്കൂലി
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിയെത്തുന്ന തൊഴിലാളികൾക്ക് യാത്രാച്ചെലവിന് ആയിരം രൂപ വീതം നൽകുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു. തൊഴിലാളികളെ പാർപ്പിക്കാനുള്ള ഐസൊലേഷൻ കേന്ദ്രങ്ങൾ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
മദ്ധ്യപ്രദേശ്, തെലങ്കാന സർക്കാരുകൾ ടിക്കറ്റ് നിരക്ക് നൽകുന്നുണ്ട്. തൊഴിലാളികളിൽ നിന്ന് ആദ്യം പണം ഈടാക്കിയ രാജസ്ഥാൻ യാത്ര സൗജന്യമാക്കി. കർണാടകയിൽ കോൺഗ്രസ് ഒരു കോടി രൂപ പിരിച്ചെടുത്തതിന് പിന്നാലെ സംസ്ഥാന സർക്കാർ സൗജന്യ യാത്ര പ്രഖ്യാപിച്ചു. ഗുജറാത്തിൽ ടിക്കറ്റെടുക്കുന്നത് സന്നദ്ധത സംഘടന. മഹാരാഷ്ട്രയിൽ തൊഴിലാളികളിൽ നിന്ന് പിരിക്കുന്നു.
സഹായം നൽകും: മുല്ലപ്പള്ളി
അന്യസംസ്ഥാന തൊഴിലാളികൾക്ക് സ്വന്തം നാട്ടിലേക്ക് പോകുന്നതിന് സാമ്പത്തിക സഹായം നൽകാൻ സർക്കാരിന് ബുദ്ധിമുട്ടുണ്ടെങ്കിൽ കെ.പി.സി.സി സഹായം നൽകുമെന്ന് അദ്ധ്യക്ഷൻ മുല്ലപ്പപള്ളി രാമചന്ദ്രൻ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറിയെയും പാലക്കാട്, തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജർമാരെയും ബന്ധപ്പെട്ടിട്ടുണ്ട്.
ശ്രമിക് ട്രെയിനുകളിൽ
ഇങ്ങോട്ടുള്ളവരെയും
കൊണ്ടുവരണം : മുഖ്യമന്ത്രി
അന്യ സംസ്ഥാന തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് അനുവദിച്ച പ്രത്യേക ട്രെയിനുകളിൽ,അവിടെ നിന്ന് കേരളത്തിലേക്ക് വരേണ്ട പ്രവാസി സഹോദരങ്ങൾക്കും യാത്രാസൗകര്യം ഒരുക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ശാരീരിക അകലവും സുരക്ഷാമാനദണ്ഡവും പാലിച്ച് പ്രത്യേക നോൺ സ്റ്റോപ്പ് ട്രെയിനുകൾ കേരളത്തിലേക്ക് അനുവദിക്കണം. സംസ്ഥാനത്തിന് പുറത്തുള്ളവരിൽ ഇങ്ങോട്ട് വരാൻ അത്യാവശ്യമുള്ളവരെ തിരിച്ചെത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഇതിനകം വരുത്തി. ലക്ഷദ്വീപിൽ കുടുങ്ങിയ മലയാളികളെ രക്ഷിക്കാൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുമായി ബന്ധപ്പെട്ട് ആഭ്യന്തരസെക്രട്ടറി നടപടിയെടുത്തതായും മുഖ്യമന്ത്രി പറഞ്ഞു.