തൃശൂർ: തൃശൂർ അന്തിക്കാട്ട് രോഗിയെ എടുക്കാനായി വീട്ടിലേക്ക് പോയ 108 ആംബുലൻസ് മറിഞ്ഞ് നഴ്സ് മരിച്ചു. രാത്രി ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. പെരിങ്ങോട്ടുകര സ്വദേശി ഡോണയാണ് (22) മരിച്ചത്. അവശനിലയിലായ രോഗിയെ എടുക്കാനായി പോകുമ്പോഴായിരുന്നു അപകടം.
അപകടത്തിൽ ആംബുലൻസ് ഡ്രൈവർ അജയ കുമാറിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുറകോട്ടെടുക്കുകയായിരുന്ന കാർ ആംബുലൻസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് റോഡരികിലുണ്ടായിരുന്ന വീടിന്റെ മതിലിൽ ചെന്നിടിച്ചാണ് മറിഞ്ഞത്. മതിൽ പൂർണമായി തകർന്നു.
വാരിയെല്ലിന് ഗുരുതര പരുക്കേറ്റ ഡോണ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. അജയ കുമാർ ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ല.