നല്ല ഉറക്കത്തിന്, രാത്രിയിലെ ഭക്ഷണ പാനീയങ്ങളുമായി ബന്ധമുണ്ട്. രാത്രി ഉറങ്ങാൻ പോകുന്നതിന് രണ്ടു മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കണം. അമിതഭക്ഷണവും ദഹിക്കാൻ പ്രയാസമുള്ളതുമായ ഭക്ഷണവും സുഖനിദ്രയുടെ ശത്രുക്കളാണ്. രാത്രിയിലെ അമിതഭക്ഷണം വിശ്രമത്തെയും ഉറക്കത്തെയും ദഹനവ്യവസ്ഥിതിയെയും സാരമായി ബാധിക്കുമെന്ന് മാത്രമല്ല രക്തസമ്മർദ്ദം, ഹൃദ്രോഗം, ചർമ്മരോഗങ്ങൾ എന്നിവയ്ക്കെല്ലാം കാരണമാവുന്ന ഘടകവുമാണ്.
രാത്രി ഭക്ഷണം ലളിതമായിരിക്കാനും ആരോഗ്യകരമായിരിക്കാനും ശ്രദ്ധിക്കുക. അങ്ങനെയായാൽ ഉറക്കം മാത്രമല്ല, ആരോഗ്യവും മെച്ചപ്പെടും. ഉറങ്ങുന്നതിനു മുമ്പ് ചെറി, ബദാം, മധുരക്കിഴങ്ങ്, തണുത്ത പാൽ, തേൻ, ഡാർക്ക് ചോക്കലേറ്റ് എന്നിവ മിതമായ അളവിൽ കഴിക്കുന്നത് വിട്ടുമാറാത്ത ഉറക്കമില്ലായ്മയ്ക്ക് പരിഹാരമാണ്. വൈകിട്ട് ആറിനു ശേഷം മധുര പാനീയങ്ങൾ, ബേക്കറി എണ്ണ പലഹാരങ്ങൾ എന്നിവ ഒഴിവാക്കണം. വൈകിട്ട് ഒരു കാരണവശാലും സോഡ കുടിക്കരുത്.