ന്യൂഡൽഹി: ഇന്ന് മുതൽ ഡൽഹിയിൽ മദ്യത്തിന് അധിക നികുതി ഈടാക്കും.എം.ആര്‍.പിയുടെ 70 ശതമാനം "സ്‌പെഷ്യല്‍ കൊവിഡ് ഫീ" എന്ന പേരിലാണ് നികുതി ഈടാക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. ലോക്ക് ഡൗണിനെ തുടർന്ന് 40 ദിവസമാണ് മദ്യഷാപ്പുകൾ അടച്ചിട്ടിരുന്നത്. തിങ്കളാഴ്ച മുതലാണ് ഡല്‍ഹി പൊലീസ് തുറക്കാന്‍ അനുമതി നല്‍കിയത്. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് 6.30 വരെയാണ് പ്രവര്‍ത്തന സമയം.
"മദ്യക്കുപ്പികളുടെ എം.ആർ.പി 70% പ്രത്യേക "കൊവിഡ് ഫീസ്" ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ നിരക്ക് ചൊവ്വാഴ്ച മുതൽ ബാധകമാകും," -ഉദ്യോഗസ്ഥർ പറഞ്ഞു.
തിങ്കളാഴ്ച രാത്രിയോടെയാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ചൊവ്വാഴ്ച മുതല്‍ ഉയര്‍ന്നനിരക്ക് ബാധകമാകുമെന്നാണ് ഉത്തരവിലുള്ളത്. ഡൽഹി എക്സെെസ് ആക്റ്റ് 2009ലെ സെക്ഷൻ 81 (1) പ്രകാരമാണ് ഉത്തരവ് നടപ്പാക്കിയത്. ഡൽഹി എക്സെെസ് ആക്ട് ഭേദഗതി 2020 എന്നതാണ് പുതുക്കിയ ഉത്തരവ്.
തിങ്കളാഴ്ച ഡല്‍ഹിയിലെ 150 ഓളം മദ്യഷാപ്പുകളാണ് തുറന്നത്. സാമൂഹിക അകലവും സുരക്ഷാ മുന്‍കരുതലും പാലിക്കാതെ വന്‍ജനക്കൂട്ടാണ് മദ്യഷാപ്പുകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ഇതേ തുടര്‍ന്ന് പലയിടത്തും ലാത്തിചാര്‍ജ് നടത്തുകയും മദ്യഷാപ്പുകള്‍ അടച്ചിടുകയും ചെയ്യേണ്ട അവസ്ഥയുണ്ടായി. നാല് ജില്ലകളിലെ മദ്യഷാപ്പുകള്‍ അടച്ചുപൂട്ടാന്‍ കേജ്‌രിവാള്‍ നിര്‍ദേശിച്ചിരുന്നു.