ജന്മനാട് വിട്ട് ജീവിക്കേണ്ടി വരുന്ന എല്ലാവരുടെയും വികാരവിചാരങ്ങൾക്ക് സാദൃശ്യമുണ്ടാകും. എന്റെ അനുഭവം പ്രവാസികളുടെ പൊതുഭാവവും സ്പന്ദനവുമായി തോന്നിയേക്കാം. ഞാൻ പറയുന്ന കാർ എന്റേത് മാത്രമല്ല, മണൽക്കാട്ടിൽ സഞ്ചരിക്കുന്നവരുടേതു കൂടിയാണ്. നിശബ്ദമായ വഴിയിലൂടെ ഇരുളിനെ മാത്രം സാക്ഷിയാക്കി ആ കാർ ചീറിപാഞ്ഞു. കണ്ണുകളിൽ തളം കെട്ടി നിന്ന ഉറക്കത്തെ ഇമകൾ ഇറുക്കിയടച്ചു തുറന്ന് വീണ്ടും വീണ്ടും ശ്രമിച്ച് മാറ്റിയെടുക്കുവാൻ നോക്കി. അറിയാതെ കണ്ണടഞ്ഞു പോകരുതേ... അയാൾ ദൈവത്തോട് പ്രാർത്ഥിച്ചു. മരുഭൂമിയിലെ കടുത്ത കാലാവസ്ഥയിൽ മക്കളെയും ഭാര്യയേയും വിട്ട് ഒറ്റയ്ക്കുള്ള ജീവിതമാണ്. രണ്ടുവർഷം കൂടുമ്പോൾ മാത്രം നാടണഞ്ഞ് ഭാര്യയേയും കുഞ്ഞുങ്ങളേയും ചേർത്തുപിടിക്കും. ഇനി ഒരിക്കലും അവരെ വിട്ടിട്ടു പോവാൻ വയ്യ എന്നു മനസു മന്ത്രിക്കും.
എന്നാലും ഇഷ്ടങ്ങളെയെല്ലാം വലിച്ചെറിഞ്ഞ് രണ്ടുമാസം കഴിയുമ്പോഴേക്കും ഈ മരുഭൂമിയിലേക്കു തന്നെ തിരികെ യാത്രയാവും. ഇഷ്ടങ്ങളെയെല്ലാം പരിത്യജിച്ച് ഇഷ്ടക്കാർക്കായി ജീവിതം കരുപ്പിടിപ്പിക്കുന്നതിന് വീണ്ടും വീണ്ടും ഈ മരുഭൂമിയിലെത്തും.
രാവിലെ ഫുജേറയിൽ നിന്നും ഇറങ്ങിയതാണ്. ഒരു ദുബായ് യാത്ര വീടിനടുത്തുള്ള ഒരു സുഹൃത്ത് നാട്ടിൽ നിന്നും വന്നപ്പോൾ ഭാര്യ സ്നേഹത്തോടെ കൊടുത്തു വിട്ട അച്ചാറും ചമ്മന്തിപ്പൊടിയും വാങ്ങി അവന്റെ ഒരു സൽക്കാരവും കഴിഞ്ഞ് തിരിച്ചപ്പോഴേക്കും രാത്രിയായി. സൂര്യനെപ്പോലും നാണിപ്പിക്കുന്ന വിധത്തിൽ പ്രകാശം വിടർത്തികൊണ്ട് അടുത്തടുത്ത് നിൽക്കുന്ന വഴി വിളക്കുകൾ: ആകാശം മുട്ടെ നിൽക്കുന്ന നക്ഷത്രത്തിളക്കങ്ങളുള്ള ഫ്ളാറ്റ് സമുച്ചയങ്ങളും കടന്ന് നാഷണൽ പെയിന്റ് ബ്രിഡ്ജും താണ്ടി എയർപോർട്ട് റോഡിലൂടെ അതിവേഗം പാഞ്ഞ് വണ്ടി ഇവിടം വരെയെത്തി.
ഉറക്കം വരുന്നുണ്ട്...കുപ്പിയിൽ നിന്നും വെള്ളമെടുത്ത് അല്പം വായിലൊഴിച്ചു. ഉറക്കത്തെ അല്പനേരം അകറ്റി നിറുത്തി.
ഏകാന്തതയുടെ കടുത്ത കനലുകൾ ഓരോ പ്രവാസിയുടെ ഉള്ളിലേയും സ്വസ്ഥതക്കുറവുകളാണ്. ജീവിതം പ്രവാസിക്കു സമ്മാനിച്ചത് ഒറ്റപ്പെടലിന്റെ നിഗൂഢതകൾ മാത്രം. തനിച്ചുള്ള ഓരോ യാത്രകളിലും കാലം സമ്മാനിച്ച സ്വപ്നങ്ങളെ അയാൾ താലോലിച്ചുകൊണ്ടിരുന്നു,
ഭൈദിലെ രണ്ടാമത്തെ റൗണ്ടെബൗട്ടു കഴിഞ്ഞു ഇനി മസാഫി കഴിഞ്ഞ് കറങ്ങി കറങ്ങി ഫുജേറയിലെത്തണം. ഒരു നാല്പതു കിലോമീറ്റർ ദൂരം കൂടിയുണ്ട്. ഒരുമണിക്കൂർ യാത്ര. ഇനിയങ്ങോട്ട് വലിയ കെട്ടിടങ്ങളുടെ കാഴ്ചകൾ കാണണമെങ്കിൽ ഫുജേറ എത്തണം. ഡിസ്കവറി ചാനലിൽ കടലിനടിവശം കാണുന്നതു പോലെയാണ് ഇനി അങ്ങോട്ടുള്ള യാത്രയിലെ കാഴ്ച. മനസിൽ ചിന്തകൾ പുതിയ മേച്ചിൽപുറങ്ങൾ തേടി.
ഉള്ളിൽ ഒരു മിന്നായം പോലെ നല്ല വെളുത്ത ഇരുണ്ട മുഖം മിന്നിമറഞ്ഞു. കറുത്ത മഷിയെഴുതിയ നീളൻ കണ്ണുകൾ ഉള്ളിൽ പതിഞ്ഞു നിൽക്കുന്നു. രണ്ടായി പിന്നിക്കെട്ടിയ മുടിയിഴകളിൽ പതിവായി കാണുന്ന ഇലഞ്ഞിപ്പൂമാല. അത് എന്നും അവളുടെ ഗന്ധമായിരുന്നു. ആ മുടിയിഴകെളെ തഴുകിയെത്തുന്ന ചെറുകാറ്റ് അവളുടെ ഗന്ധം എന്റെ ഉള്ളിലേക്ക് അലിഞ്ഞലിഞ്ഞിറക്കി. നിശ്വാസങ്ങളുടെ ഗന്ധത്തിന് ഇലഞ്ഞിപ്പൂവിന്റെ മൃദുത്വമുണ്ടായിരുന്നു. ഓർക്കുമ്പോൾ ഉള്ളിൽ നിന്നും ഒരു പുഞ്ചിരി വിടരും പ്രണയത്തിന്റെ മധുവുതിർക്കുന്ന മധുരമുള്ള സുഖഭായകമായ കാമാരത്തിലെ കനവുള്ള ഓർമ്മകൾ.
നീലക്കളറിലുള്ള തന്റെ ടൊയോട്ട യാരിസ് കാർ ഇരുളിലൂടെ തെന്നി നീങ്ങി യാത്രയാവുന്നു. ഇവൻ തന്റെയൊപ്പമായിട്ട് പത്തുവർഷമായി. തന്റെ ഈ മരുഭൂമിയിലെ ഏറ്റവും വലിയ സുഹൃത്ത് ഇവനാണ്. സങ്കടങ്ങൾ വരുമ്പോൾ കണ്ണുകൾ സ്റ്റീയറിംഗിൽ അമർത്തും. കണ്ണുനീർത്തുള്ളിയുടെ ദുഃഖം അവൻ ഏറ്റുവാങ്ങും. പിന്നെ തന്നെ ആശ്വസിപ്പിക്കുന്നതായി തോന്നും. ഈ സ്റ്റീയറിംഗിൽ ഒന്നു നെറ്റിയമർത്തിയാൽ തന്റെ എല്ലാ ദുഖങ്ങൾക്കും ഒരു സാന്ത്വനം അറിയാതെ തന്റെയുള്ളിലായി അനുഭവപ്പെട്ടിരുന്നു. ഇത് ഒരു യന്ത്രമല്ല. തന്റെ പ്രണയിനിയാണ് എന്നുംതോന്നും തന്റെ തന്റേതു മാത്രമായ നീല ടൊയോട്ടാ യാരിസ് കാർ. എന്നെ അറിയുന്ന എന്റെ മാത്രം പ്രണയിനി. ഇവളെ വിട്ടുപിരിയുക എന്നത് ഇനി ഒരു വിഷമം തന്നെയാണ് . എങ്ങനെയാണാവോ... ?
ഇനിയും ദൂരമേറേയുണ്ട്, എന്നേക്കാൾ ആവേശമാണ് ഈ വയസൻ കാറിന് എന്നെനിക്കു തോന്നി. എന്റെ ഫുജെറയിലുള്ള താമസ സ്ഥലത്തേക്ക് എന്നെ എത്തിക്കുന്നതിന് അവന് തിടുക്കം ഏറെയാണ്. അങ്ങ് ദൂരെ നക്ഷത്രങ്ങൾ തമ്മിലുള്ള അകലം വർത്ഥിച്ചു വരുന്നതു പോലെ തോന്നി. മിന്നിത്തെളിയുന്ന പ്രകാശബിന്ദുക്കളെ പോലെയായി താരകങ്ങൾ. ഇരുളൽ അവയുടെ പ്രകാശം കുറഞ്ഞുകുറഞ്ഞു പോയി. ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ ഇരുൾ അടുത്തടുത്തു വരുന്നു. ഇരുളിൽ തെളിയുന്ന മിന്നാമിനുങ്ങുകളെ കാണണമെങ്കിൽ ഇനി നാട്ടിലെത്തണം എത്ര ദിവസം കഴിയണം. ഇനി ? മുന്നിലെ കണ്ണാടിയിലൂടെ ആകാശത്തേക്കു നോക്കി. ഒരു നക്ഷത്രത്തിന് തിളക്കം കൂടുന്നു. അതിന് വട്ട മുഖമാണ് വെളുത്ത മുഖത്ത് വലിയ കണ്ണുകൾ. കണ്ണെഴുതിയിട്ടുണ്ടോ? അയാൾ ശ്വാസം ഉള്ളിലേക്കു വലിച്ചു നോക്കി.
ഇലഞ്ഞിപ്പൂവിന്റെ നറുമണം നാസികാഗ്രങ്ങളിലെത്തുന്നുവോ... ഒറ്റയാൾ നക്ഷത്രം തന്നെ തന്നെ നോക്കുന്നു. ഒന്നു ചിരിച്ചാലോ... നക്ഷത്രത്തിന്റെ മുഖവും പ്രസന്നമായി. എന്റെ കണ്ണുകളിലെ തീക്ഷ്ണമായ പ്രണയം ആ നക്ഷത്രം ആവാഹിച്ചതു പോലെ തോന്നി... അവൾ വലുതാവുന്നുണ്ടോ.... വാലിട്ടെഴുതിയ വലിയ കണ്ണുകൾ എന്റെ സ്വന്തമാകുന്നതു പോലെ..... ആ കണ്ണുകളിലെ കൃഷ്ണമണിയിൽ ഇലഞ്ഞിപ്പൂവിന്റെ മുദുത്വം ഞാൻ ദർശിച്ചു. ആ കണ്ണുകൾ വലുതാവുന്നു.....
അത് എന്റെ അടുത്തേക്ക് ഊർന്നു വരുന്നുണ്ടോ..
അതേ.....
വട്ടമുഖത്തെ ചുവന്ന ചുണ്ടുകൾ ഒന്നു വിടർന്നു. ചുണ്ടുകൾക്കിടയിൽ നിശ്വാസത്തിന്റെ ചെറിയ അകൽച്ച... നല്ല ഇരുണ്ട നിരയൊത്ത പല്ലുകൾ.. ഉള്ളിലെ നിറഞ്ഞ ബിയറിന്റെ ലഹരിയിൽ , അവൾ കൂടുതൽ സുന്ദരിയായി തോന്നി... ശരീരത്തിന്റെ പ്രണയതാളം അടുത്തടുത്തു വരുന്ന ആ ഗന്ധത്തിൽ തന്റെ ഹൃദയമിടിപ്പു കൂടി. നിശ്വാസം ഘനമുള്ളതായി. നാസിക തുമ്പുകളിൽ പ്രണയം തൊട്ടെടുക്കുവാൻ മനസു മന്ത്രിച്ചു. ഇനിയും ഒന്നുകൂടി...ചുളിവുകൾ അരങ്ങുണർത്തിയ തന്റെ ചുണ്ടുകൾ ആ കവിൾ തടങ്ങളിലേക്കടുത്തു. ഗന്ധം ഗന്ധത്തെയറിഞ്ഞു തുടങ്ങി... ഇലഞ്ഞി മണം ശരീരത്തെ തറ്റുണർത്തി.... അവൾ തന്നിലേക്കടുത്തു.....
തന്റെ കണ്ണുകൾ മെല്ലെ യടഞ്ഞു. അവളുടെ കവിൾ തടങ്ങളിലെ ഇലഞ്ഞിമണം ശരീരമാസകലം പൂത്തുണർത്തി.
നിശ്വാസത്തിന്റെ ഗതിവേഗം കൂടി, കണ്ണുകളിൽ ഇരുൾ നിറഞ്ഞു. പീലികൾക്ക് ഭാരം കൂടി...പെട്ടെന്ന്...എന്തോ ഒരുലച്ചിലിൽ...കൈകൾക്ക് ഒരു വിറയൽ....ചിന്തയുടെ ലോകത്ത് ഏതോ ഒരു അപകടത്തിന്റെ ഉൾക്കാഴ്ച തെളിഞ്ഞു. മനസു പതറി....തലച്ചോറിൽ ഒരു വെള്ളിടി.....
കൈകൾ ശക്തിയായി സ്റ്റിയറിംഗിൽ അമർത്തിപ്പിടിച്ച് യാന്ത്രികമായി കാലുയർത്തി ഒറ്റച്ചവിട്ട്... ഒരു വലിയ ശബ്ദം .... ടയർ മണ്ണിലുരഞ്ഞ് പൊടിഞ്ഞമരുന്ന കല്ലുകളുടെ കുറുകുറ ശബ്ദം.
നിരങ്ങിയകലുന്ന വാഹനത്തിന്റെ ടയറുകൾ കടുകട്ടിയിൽ ഉരഞ്ഞ് കരിമണം പടർത്തി. ഒരു വലിയ ഹുങ്കാര ശബ്ദത്തോടെ ശക്തിയായി ഉലഞ്ഞ് ഭൂമിയുടെ ഏതോ അഗാധതയിലെന്നതു പോലെ ആ കാർ നിശ്ചലമായി...
കണ്ണിൽ നിറയെ ഇരുട്ട്.. കണ്ണുകൾ അമർത്തിയടച്ച് വിണ്ടും വീണ്ടും കണ്ണുകൾ തുറന്നു. ഇരുളിൽ ചുറ്റും നോക്കി.എവിടെ തന്റെ മാലാഖ? കാഴ്ചയിൽ ഒന്നു കൂടി അവൾ പതിഞ്ഞിരുന്നെങ്കിൽ.... എങ്കിലും ഓർത്തു..... ഒട്ടേറെ അപകടങ്ങൾക്ക് സാക്ഷിയാവുന്ന ഈ വഴിയിലെ മാലാഖയുടെ സൗന്ദര്യത്തിൽ എത്ര ജീവിതങ്ങളാവും പൊലിഞ്ഞത്.
അവൻ നന്ദിയോടെ തന്റെ കാറിലേക്കു നോക്കി. നീയെന്നെ രക്ഷിച്ചു. ഡോർ തുറന്ന് അകത്തു കയറി തന്റെ കാറിന്റെ സ്റ്റിയറിംഗിൽ അമർത്തി അമർത്തി അയാൾ ചുംബിച്ചു...
(ഫോൺ: 00971545861622)