ചെന്നൈ:- രാജ്യത്ത് ഏറ്റവും വേഗത്തിൽ കൊവിഡ് രോഗം പടരുന്ന നഗരങ്ങളിലൊന്നായി പെട്ടെന്ന് മാറിയിരിക്കുകയാണ് ചെന്നൈ നഗരം. ഏപ്രിൽ അവസാനം നാല് ദിവസത്തോളം ഡബിൾ ലോക്ഡൗൺ പ്രഖ്യാപിച്ചെങ്കിലും ഈ ദിവസങ്ങളിൽ കൊവിഡ് കേസുകൾ ഇരട്ടിക്കുന്നതാണ് പിന്നീട് കണ്ടത്. തമിഴ്നാട് ആകമാനം 527 പുതിയ കേസുകൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തപ്പോൾ അതിൽ 266 എണ്ണവും ചെന്നൈ നഗരത്തിലായിരുന്നു.
ചെന്നൈ നഗരത്തിൽ രോഗം പടരാനുളള കാരണങ്ങൾ പലതാണ്. ഡബിൾ ലോക്ഡൗൺ തീരുമാനം തിരിച്ചടിയായതാണ് ഒന്നാമത്തെത്. ഏപ്രിൽ 26 മുതൽ 29 വരെ പ്രഖ്യാപിച്ച ഡബിൾ ലോക്ഡൗൺ കാരണം ഏപ്രിൽ 25ന് ജനം കൂട്ടമായി കടകളിലും മാർക്കറ്റുകളിലും സാധനങ്ങൾ വാങ്ങാനിറങ്ങി. ഇങ്ങനെ പുറത്തിറങ്ങിയവരിൽ പലരിലും പിന്നീട് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
200 ഏക്കറിലധികം വ്യാപിച്ച് കിടക്കുന്ന കോയമ്പേട് മാർക്കറ്റാണ് അസുഖം പടരാനുള്ള മറ്റൊരു പ്രധാന കേന്ദ്രം. 3000 കടകളുള്ള കോയമ്പേട് മാർക്കറ്റിൽ വന്ന 215 പേരാണ് ഒരു ദിവസം കൊണ്ട് കൊവിഡ് രോഗികളായി മാറിയത്. ആകെ ചെന്നൈയിലെ രോഗികളുടെ എണ്ണം 266 എന്നതും ഓർക്കണം.ഇത്രയധികം പൊസിറ്റീവ് കേസുകൾ വന്നതോടെ ഇവരുമായി സമ്പർക്കം ഉണ്ടായവരെ കണ്ടെത്തുക എന്ന വലിയ ജോലിയിലാണ് അധികാരികൾ ഇപ്പോൾ. ഇവിടെ വന്നവരുമായി ബന്ധമുള്ള ചിലർ കേരളത്തിൽ വരെ എത്തിയതായി അറിവ് കിട്ടിയിട്ടുണ്ട്.
ജനങ്ങളുടെ നിയമ വിരുദ്ധമായ കൂടിച്ചേരലുകളും ചെന്നൈ നഗരത്തിന് ദോഷം ചെയ്തിട്ടുണ്ട്. മുൻപ് ദില്ലിയിൽ നടന്ന തബ് ലിഗ് സമ്മേളനത്തിൽ പങ്കെടുക്കാൻ ഇവിടെ നിന്ന് പോയവരും തിരുവിക നഗർ എന്ന പ്രദേശത്ത് നടന്ന വീടുകളിലെ പ്രാർത്ഥനാ യോഗവും ഒരു പ്രാദേശിക ചാനലിലെ പത്രപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതും കോയമ്പേട് മാർക്കറ്റിലും ഇത്തരത്തിൽ കൂടിച്ചേരലുകൾ ഉണ്ടായി. ഫലം അതിവേഗം രോഗവ്യാപനമായിരുന്നു.
മറ്റൊരു പ്രധാന പ്രശ്നം രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത രോഗികളുടെ എണ്ണം കൂടുന്നു എന്നതാണ്. 98 ശതമാനത്തോളം രോഗികളിലും രോഗലക്ഷണങ്ങൾ പ്രകടമായിരുന്നില്ല. ഇത് ഓരോ വീടും കയറിയിറങ്ങി പരിശോധന നടത്തുക എന്ന ഭഗീരഥ പ്രയത്നത്തിലേക്ക് ചെന്നൈ നഗര അധികാരികളെ കൊണ്ടെത്തിച്ചിരിക്കുന്നത്.
ഇത്തരം പ്രശ്നങ്ങൾ അലട്ടുമ്പോഴും രോഗ നിർണ്ണയത്തിലും പ്രതിരോധത്തിലും ചെന്നൈ അതിവേഗം മുന്നേറുക തന്നെയാണ്. മെയ്1ന് പുറത്ത് വന്ന കണക്കനുസരിച്ച് പത്ത് ലക്ഷം പേരിൽ 5225 പേർക്കാണ് രോഗം കണ്ടെത്തിയത്. രോഗനിർണ്ണയത്തിന്റെ വേഗം കൂടിയതാണ് ഇതിന് കാരണം. മൂന്നാംഘട്ട ലോക്ഡൗൺ പ്രഖ്യാപിച്ച ഈ സമയത്ത് എങ്ങനെയും സമൂഹവ്യാപനം എത്താതെ കൊവിഡ്19 രോഗത്തെ പിടിച്ച് കെട്ടാനുള്ള തീവ്ര യത്നത്തിൽ തന്നെയാണ് ചെന്നൈ നഗരപാലകർ.