liquorpolice

ബെർഹാംപൂർ:- വൈകുന്നേരം ബംഗാളിലെ ബെർഹാംപൂരിലെ ഒറ്റപെട്ട ഒരു മദ്യഷോപ്പിലെത്തിയ ജനങ്ങൾ കണ്ണുതള്ളി. അതാ ഒരു പോലീസുകാരൻ യൂണിഫോമിൽ സഞ്ചിയുമായി ക്യൂവിൽ നിൽക്കുന്നവർക്കിടയിൽ തള്ള്കൂടുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിലെ മദ്യഷാപ്പുകൾ ഉച്ചക്ക് 12 മുതൽ 7 മണി വരെ തുറക്കാമെന്ന് കൊവിഡ് ലോക്ഡൗൺ നിർദ്ദേശങ്ങളിൽ ബംഗാൾ സർക്കാർ അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞദിവസംതുറന്ന ബെർഹാംപൂരിലെ ഹരിദാസ്മതിയിലെ മദ്യഷോപ്പിൽ വൈകുന്നേരം നാലരയോടെയാണ് നിയമം പാലിക്കാൻ അധികാരമുള്ള ഒരു സബ് ഇൻസ്പെക്ടർ തന്നെ ഇങ്ങനെയൊരു പണി ചെയ്തത്.

ഹെൽമറ്റ് ധരിച്ചിരുന്നതുകൊണ്ട് കക്ഷിയുടെ മുഖംകാണാൻ സ്ഥലത്തെത്തിയ നാട്ടുകാ‌ർക്കോ മാധ്യമപ്രവർത്തകർക്കോ കഴിഞ്ഞില്ല. ഇതിനിടയിൽ സാധനം വാങ്ങി ഏമാൻ ബൈക്കിൽ കയറി സ്ഥലംവിടുകയും ചെയ്തു. ഇടക്ക് വരിയിൽ നിന്നവരെ മറികടന്ന് മുന്നേറാൻ ശ്രമിച്ച് പൊലീസേമാൻ ചില്ലറ പ്രശ്നങ്ങളും ഉണ്ടാക്കിയെന്ന് ചിലർ പരാതി പറഞ്ഞു.

മദ്യം വാങ്ങിയ പൊലീസുകാരനെ താൻ ശരിക്കും കണ്ടില്ലെന്നാണ് മദ്യഷോപ്പ് ഉടമ പറയുന്നത്. മുർഷിദാബാദ് എസ്.പി ശബരി രാജ്കുമാർ ഇങ്ങനെയൊരു സംഭവത്തെകുറിച്ച് തനിക്ക് അറിയിപ്പൊന്നും കിട്ടിയില്ലെന്നാണ് അറിയിച്ചത്. പേര് വെളിപ്പെടുത്താത്ത മറ്റൊരു ഉന്നതോദ്യോഗസ്ഥൻ എസ്.ഐ ആരെന്ന് മനസ്സിലാക്കാൻ സാധിച്ചാൽ അച്ചടക്ക നടപടിയെടുക്കുമെന്ന് മാധ്യമങ്ങളെ അറിയിച്ചു.