ജയ്പൂർ:- ജമ്മു കാശ്മീരിലെ ഹന്ദ്വാരയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കേണൽ അശുതോഷ് ശർമ്മയ്ക്ക് അമ്മയും ഭാര്യ പല്ലവിയും മകൾ തമന്നയും അന്ത്യാഭിവാദ്യം അർപ്പിച്ചു. ജയ്പൂരിൽ നടന്ന പുഷ്പചക്രം അർപ്പിക്കുന്ന ചടങ്ങിലാണ് ഏറെ ദുഖത്തിനിടയിലും ഉറ്റവർ അഭിവാദ്യം അർപ്പിച്ചത്.
21 രാഷ്ട്രീയ റൈഫിൾസ് കമാന്റിംഗ് ഓഫീസറായ അശുതോഷ് ശർമ്മ ഭീകരവാദ വിരുദ്ധ പോരാട്ടത്തിലൂടെ രണ്ട് തവണ ധീരതയ്ക്കുള്ള അവാർഡ് വാങ്ങിയയാളാണ്. ജയ്പൂരിലെ മിലിറ്ററി സ്റ്റേഷനിൽ നടന്ന ചടങ്ങിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്, ബിജെപി എംപി രാജ്യവർദ്ധൻ സിങ് രാഥോർ തുടങ്ങി പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. ശനിയാഴ്ച രാത്രി തുടങ്ങിയ ഏറ്റുമുട്ടലിലാണ് അശുതോഷ് ശർമ്മ, മേജർ അനുജ് സൂദ്, നായിക് രാജേഷ് കുമാർ, ലാൻസ് നായിക് ദിനേശ് എന്നിവരും പൊലീസ് ഓഫീസർ ഷക്കീൽ അഹമ്മദ് ഖാസിയും വീരചരമം പ്രാപിച്ചത്.
തിങ്കളാഴ്ച രാവിലെ പ്രത്യേകവിമാനത്തിൽ കേണൽ ശർമയുടെ മൃതദേഹം ജയ്പൂരിൽ എത്തിച്ചു.സംസ്കാരം ഇവിടെ നടക്കും. മേജർ അനുജ് സൂദിന്റെ സംസ്കാരം ഇന്ന് ചണ്ഡിഗഡിൽ നടക്കും. ചണ്ഡിഗഡ് എയർഫോഴ്സ് സ്റ്റേഷനിൽ പുഷ്പചക്രം അർപ്പിക്കുന്ന ചടങ്ങ് നടന്നു. ഹന്ദ്വാരയിൽ വീരമൃത്യു വരിച്ചവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിവാദ്യങ്ങൾ അർപ്പിച്ചു. 'ഹന്ദ്വാരയിലെ ആത്മത്യാഗം ചെയ്ത ധീരരായ സൈനികർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. അവരുടെ ധൈര്യവും ആത്മത്യാഗവും വിസ്മരിക്കപ്പെടില്ല." അദ്ദേഹം കുറിച്ചു. കശ്മീരിലെ കുപ് വാര ജില്ലയിലെ ഹന്ദ്വാര പ്രദേശത്ത് സൈന്യവും പൊലീസും ചേർന്ന് നടത്തിയ സംയുക്ത ഭീകരവിരുദ്ധ നടപടിയിലാണ് അശുതോഷ് ശർമ്മ ഉൾപ്പടെ അഞ്ചുപേർക്ക് ജീവൻ നഷ്ടമായത്.