1. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലേക്ക് വരാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത മലയാളികള്‍ ഉഡുപ്പി ഷിരൂരില്‍ കുടുങ്ങിക്കിടക്കുന്നു. മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികളാണ് കുടുങ്ങി കിടക്കുന്നത്. കേരളത്തിലേക്ക് കടത്തി വിടാനാകില്ല എന്നാണ് ഉഡുപ്പി പൊലീസിന്റെ നിലപാട്. അതേസമയം, കളിയിക്കാവിളയിലെ ചെക്ക്‌പോസ്റ്റില്‍ തമിഴ്നാട് പൊലീസ് തടഞ്ഞ മലയാളികളെ കടത്തിവിട്ടു തുടങ്ങി. നോര്‍ക്ക പാസുമായി എത്തിയ 30ഓളം മലയാളികളെ അതിര്‍ത്തി കടക്കാന്‍ തമിഴ്നാടിന്റെ അനുമതിയില്ല എന്ന കാരണത്താല്‍ ആണ് പൊലീസ് തടഞ്ഞത്. 15ഓളം വാഹനങ്ങളില്‍ ആണ് മലയാളികള്‍ എത്തിയത്. നോര്‍ക്കയുടെ പാസ് കാണിച്ചെങ്കിലും തമിഴ്നാടിന്റെ പാസ് വേണമെന്ന് ആയിരുന്നു പൊലീസ് അറിയിച്ചത്. കുടുങ്ങി കിടന്നവരെ കടത്തിവിട്ടെങ്കിലും ഇപ്പോഴും ആശയക്കുഴപ്പം തുടരുന്നു എന്നാണ് വിവരം.
2. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങിയ പ്രവാസി മലയാളികളും ആയി ആദ്യ ദിനം നാല് വിമാനങ്ങള്‍ മറ്റന്നാള്‍ കേരളത്തിലേക്ക് എത്തും. 800 പേരാവും ആദ്യ ദിവസം കേരളത്തിലേക്ക് എത്തുക. അബുദാബി, റിയാദ്, ദോഹ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ കൊച്ചിയിലെത്തും. ദുബായ് വിമാനം കേഴിക്കോടേക്ക് ആണ് ആദ്യ ദിവസം എത്തുക. ഓരോ വിമാനത്തിലും 200 യാത്രക്കാര്‍ വീതമാവും ഉണ്ടാവുക. ആദ്യ ആഴ്ച കേരളത്തിലേക്ക് 15 വിമാനങ്ങളാണ് സര്‍വീസ് നടത്തുക. ഒമ്പത് നഗരങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ ആദ്യ ആഴ്ചയെത്തും
3. ഒരാഴ്ച്ചക്കിടെ 2,650 പേരാണ് സംസ്ഥാനത്തേക്ക് എത്തുക. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവടങ്ങളിലേക്ക് ആണ് വിമാനങ്ങള്‍ എത്തുക. ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് ആയി അടുത്ത ഒരാഴ്ചയില്‍ 84 വിമാനങ്ങള്‍ ആണ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്. 14,850 പേരെ ഒരാഴ്ചയില്‍ വിമാന മാര്‍ഗം നാട്ടിലേക്ക് തിരിച്ചെത്തിക്കും. തമിഴ്നാട്ടിലേക്കും ഡല്‍ഹിയിലേക്കും 11 വിമാനങ്ങള്‍ വീതമാണ് ഉണ്ടാവുക. അമേരിക്കയിലേക്കും ആദ്യ ഘട്ടത്തില്‍ വിമാനം അയക്കാനാണ് തീരുമാനം. വിദേശ ഇന്ത്യക്കാരെ നാട്ടിലേക്ക് എത്തിക്കുന്നതിന് ആയി ആറ് വിമാനങ്ങള്‍ അമേരിക്കയിലേക്ക് അയക്കും. ആറ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ അമേരിക്ക, ബ്രിട്ടന്‍, ഫിലിപ്പിന്‍സ്, ബംഗ്ലാദേശ്, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങള്‍ നിന്നും ഇന്ത്യക്കാര്‍ നാട്ടിലേത്തും. ആദ്യ ആഴ്ച 12 വിദേശ രാജ്യങ്ങളില്‍ നിന്നാണ് വിമാന മാര്‍ഗമുള്ള ഇന്ത്യക്കാരുടെ മടക്കത്തിന് തയ്യാറെടുക്കുന്നത്.
4. രാജ്യത്ത് മരണ സംഖ്യയില്‍ വന്‍ വര്‍ധന. ഇന്നലെ മാത്രം കൊവിഡ് 19 ബാധിച്ച് 195 പേര്‍ മരിച്ചു. രാജ്യത്ത് ആകെ മരണം 1,568 ആയി. രോഗികളുടെ എണ്ണം 46,000 കടന്നു. മഹാരാഷ്ട്രയില്‍ മാത്രം 14,541 രോഗികള്‍ ഉണ്ട്. ബംഗാളില്‍ രോഗികളുടെ എണ്ണം ആയിരം കടന്നു. മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ രണ്ടാം ദിവസത്തില്‍ എത്തുമ്പോഴും ആശ്വസിക്കാവുന്ന കണക്കുകളല്ല പുറത്തു വരുന്നത്. കൊവിഡ് ഭീതിയില്‍ നിന്ന് കര കയറാന്‍ മഹാരാഷ്ട്രയ്ക്കു ഇത് വരെ കഴിഞ്ഞിട്ടില്ല. മുംബയിലാണ് രോഗവ്യാപനം രൂക്ഷമായി തുടരുന്നത്. ഡല്‍ഹിയിലും കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ആകെ കേസുകള്‍ 4898.
5. രാജ്യ തലസ്ഥാനത്ത് ലോക്ക് ഡൗണ്‍ ലംഘിച്ച് നിരവധി പേരാണ് ഇന്നലെ പുറത്തിറങ്ങിയത്. ഇത് രോഗ വ്യാപനത്തിനു കാരണം ആയേക്കുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. രാജസ്ഥാനില്‍ രോഗ ബാധിതരുടെ എണ്ണം മൂവായിരം കടന്നു. ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 50 ആയി. ആകെ കേസുകള്‍ 2766. ഇന്നലെ മാത്രം 11 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തോടെ ബംഗാളില്‍ മരണ സംഖ്യ 61 ആയി ഉയര്‍ന്നു. രോഗ ബാധിതര്‍ 1,259 ആണ്. ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ ബംഗാള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഗ്രീന്‍ സോണില്‍ 50 ശതമാനം യാത്രക്കാരുമായി ബസുകള്‍ക്ക് ഓടാന്‍ അനുമതി നല്‍കി. ഗ്രീന്‍ സോണില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം.
6. സംസ്ഥാനത്ത് ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം ഇല്ല. രാവിലെ എഴു മണി മുതല്‍ രാത്രി ഏഴു വരെ വാഹനം ഓടിക്കാം. കണ്ടെയിന്‍മെന്റ് സോണില്‍ അത്യാവശ്യ വാഹനങ്ങള്‍ മാത്രം ഓടിക്കാം. അവശ്യ സര്‍വീസിന് നിയന്ത്രണങ്ങള്‍ ബാധകമല്ല. മൂന്നാം ഘട്ടത്തില്‍ അത്തരത്തിലുള്ള നിയന്ത്രണം ഇല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ പൊലീസിന് ഇടയില്‍ അവ്യക്തത നിലനിന്ന സാഹചര്യത്തില്‍ ആണ് സര്‍ക്കാര്‍ വ്യക്തത വരുത്തിയത്
7. ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുന്നു. ആഗോള വ്യാപകമായി 36,45,194 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത് എന്നാണ് ഔദ്യോഗിക കണക്കുകള്‍. 2,52,390 പേര്‍ക്കാണ് വൈറസ് ബാധയേ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 11,94,872 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്. അമേരിക്കയിലെ രോഗ ബാധിതരുടെ എണ്ണം 12,12,835 ആയി. 69,921 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 1,88,027 പേര്‍ക്ക് മാത്രമാണ് അമേരിക്കയില്‍ രോഗമുക്തി നേടാനായത്. സ്‌പെയിനില്‍ 2,48,301 പേരാണ് രോഗബാധിതര്‍ ഇറ്റലി 2,11,938, ബ്രിട്ടന്‍ 1,90,584, ഫ്രാന്‍സ് 1,69,462, ജര്‍മനി 1,66,152 , റഷ്യ 1,45,268, തുര്‍ക്കി 1,27,659 എന്നിങ്ങനെ ആണ്