covid-death
COVID DEATH

വാഷിംഗ്ടൺ ഡി.സി: ലോകത്താകെ കൊവിഡ് മരണം 2.5 ലക്ഷം കവിഞ്ഞു. 36 ലക്ഷം പേർ ചികിത്സയിലാണ്.1,203,064 പേർ രോഗവിമുക്തി നേടി.

അമേരിക്ക, റഷ്യ, ബ്രിട്ടൻ, ബ്രസീൽ എന്നീ രാജ്യങ്ങളുടെ നില ഗുരുതരമായി തന്നെ തുടരുന്നു. അമേരിക്കയിൽ 24 മണിക്കൂറിനിടെ 1,015 പേർ മരിച്ചു. ഒരു മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന മരണമാണിതെങ്കിലും ആശ്വസിക്കാറായിട്ടില്ല. കാരണം, 12 ലക്ഷത്തോളം പേർ ഇപ്പോഴും ചികിത്സയിലാണ്. ആകെ മരണം 70000ത്തിലേക്ക് അടുക്കുകയാണ്.

ബ്രിട്ടനിൽ ആകെ മരണം 30000ത്തിൽ എത്താറായി. 190,584 പേർ ചികിത്സയിലാണ്.

പുതിയ ഹോട്ട്സ്പോട്ടായ റഷ്യയിൽ കൊവിഡ് വ്യാപനം ദിനംപ്രതി വർദ്ധിക്കുകയാണ്.

ഇന്നലെ 10,000 ത്തോളം പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.മോസ്കോയിൽ മാത്രം ദിവസം കൊണ്ട് 5358 പുതിയ കേസുകളാണുണ്ടായത്. ആകെ മരണം 1,451, രോഗബാധിതർ 155370.

പ്രസിഡൻ്റ് ജയർ ബൊൽസനാരോയുടെ കൊവിഡിനോടുള്ള നിസാരമനോഭാവം മൂലം തക്കതായ നടപടികൾ കൊവിഡിനെതിരെ സ്വീകരിക്കാത്തതാണ് ബ്രസീലിൽ വ്യാപനം വർദ്ധിക്കാനുള്ള മുഖ്യ കാരണം. രോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 7000ത്തിലധികം പേർ മരിച്ചു.

 കൊവിഡ് ഉത്ഭവിച്ചത് ഏതെങ്കിലും വന്യജീവി മാംസം വിൽക്കുന്ന മാർക്കറ്റിൽ നിന്നായിരിക്കുമെന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൻ. ചൈനയെ എടുത്തു പറയാതെയാണ് പരാമർശം.

 കൊവിഡിൽ നിന്ന് രക്ഷനേടാൻ സാമ്പത്തിക സഹായം നൽകണമെന്ന് ബ്രസീലിലെ തദ്ദേശീയ നോതാക്കൾ ലോകാരോഗ്യ സംഘടനയോട് അഭ്യർത്ഥിച്ചു.

 യൂറോപ്യൻ രാജ്യങ്ങളായ സ്പെയിൻ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, എന്നിവിടങ്ങളിൽ പ്രതിദിന മരണം 100ൽ നിൽക്കുന്നു.

 രണ്ടാം ദിനവും ന്യൂസിലാൻഡിൽ പുതിയ കേസുകളില്ല.

 ചൈനയിൽ പുതുതായി ഒരു കേസ് റിപ്പോർട്ട് ചെയ്തു. മരണമില്ല.

 ആസ്ട്രേലിയയിൽ സ്കൂളുകൾ തുറന്നെങ്കിലും സിഡ്നിയിൽ വിദ്യാർത്ഥിയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യം.

സ്വകാര്യ മേഖലാ തൊഴിലാളികളുടെ തൊഴിൽ ദിനങ്ങളും ശമ്പളവും അടുത്ത ആറ് മാസത്തേക്കു കുറയ്ക്കാൻ സൗദി അറേബ്യയിൽ തൊഴിലുടമകൾക്ക് അനുവാദം.