ജനീവ: കൊവിഡ് 19ന്റെ ഉറവിടം ചൈനയിലെ സർക്കാർ വൈറോളജി ലബോറട്ടറിയാണെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്ന് ലോകാരോഗ്യ സംഘടന. ഡബ്ല്യൂ.എച്ച്.ഒ എമർജൻസി ഡയറക്ടർ മൈക്കിൽ റിയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വുഹാനിലെ ലാബിൽ നിന്നാണ് വൈറസ് പകർന്നതെന്ന അമേരിക്കയുടെ വാദം സാധൂകരിക്കുന്ന രേഖകളോ തെളിവുകളോ കൈവശമില്ലെന്നും മൈക്കിൽ റിയാൻ പറഞ്ഞു.
കൊവിഡിന്റെ ഉറവിടം വുഹാനിലെ ലാബാണെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനുള്ള തെളിവുകൾ തങ്ങളുടെ കൈവശമുണ്ട്. സുപ്രധാന വിവരങ്ങൾ മറച്ചുവെച്ച ചൈനയ്ക്കാണ് വൈറസ് വ്യാപനത്തിൽ ഉത്തരവാദിത്വമെന്നും ട്രംപ് പറഞ്ഞിരുന്നു. മാത്രമല്ല, വൈറസിന്റെ തീവ്രതയെക്കുറിച്ച് ചൈന മറച്ചുവച്ച് ആഗോളസമൂഹത്തെ വഞ്ചിച്ചുവെന്നായിരുന്നു മൈക്ക് പോംപിയോ കഴിഞ്ഞദിവസം ആരോപിച്ചത്.
അതേസമയം, കൊവിഡ് വൈറസ് മനുഷ്യനിർമിതമോ ജനിതകമാറ്റം വരുത്തിയതോ അല്ലെന്നാണ് യു.എസ് രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തത്. മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്കു പടർന്ന എച്ച്.ഐ.വി, ഇബോള, സാർസ് രോഗങ്ങളുടേതിന് സമാനമാണ് കൊറോണയുടെ ജനിതകഘടന. ലബോറട്ടറികളിൽ വികസിപ്പിച്ചെടുത്തതല്ല ഇതെന്നായിരുന്നു ശാസ്ത്രസംഘത്തിന്റെ കണ്ടെത്തൽ.