covid-antibody

ജറുസലേം: കൊവിഡ് ചികിത്സയിൽ സുപ്രധാന വഴിത്തിരിവുമായി ഇസ്രയേൽ. രാജ്യം പ്രധാന കൊവിഡ് ആൻ്റിബോഡിയെ (മോണോക്ലോണൽ ന്യൂട്രലൈസിംഗ് ആൻ്റിബോഡി) വേർതിരിച്ചതായി ഇസ്രായേൽ പ്രതിരോധ മന്ത്രി നഫ്താലി ബെന്നറ്റ് അവകാശപ്പെട്ടു. ഇസ്രായേല്‍ ഇൻസ്റ്റ‌ി‌റ്റ‌്യൂട്ട് ഫോർ ബയോളജിക്കൽ റിസർച്ചാണ് ഇതിന് പിന്നിൽ.

ഐ.ഐ.ബി.ആർ വികസിപ്പിച്ച ആൻ്റിബോഡിയ്ക്ക് രോഗവാഹകരുടെ ശരീരത്തിനുള്ളിലെ വൈറസിനെ നിർവീര്യമാക്കാൻ കഴിയുമെന്ന് ബെന്നറ്റ് പറഞ്ഞു. ഇസ്രായേലിലെ കൊവിഡ് ചികിത്സ, വാക്‌സിനും പരീക്ഷണം എന്നിവയ്ക്ക് നേതൃത്വം നൽകുന്നത് ഐ.ഐ.ബി.ആറാണ്.

രോഗമുക്തി നേടിയ ഒരു കോശത്തിൽ നിന്നാണ് മോണോക്ലോണൽ ന്യൂട്രലൈസിംഗ് ആൻ്റിബോഡി വേർതിരിച്ചെടുക്കുന്നത്. അതിനാൽ തന്നെ ചികിത്സാ രംഗത്ത് ഇതിന് കൂടുതൽ മൂല്യമുണ്ട്. പോളിക്ലോണൽ ആൻ്റിബോഡികൾ വികസിപ്പിച്ചുള്ള ചികിത്സകളാണ് മറ്റ് രാജ്യങ്ങളിൽ നടക്കുന്നത്.