online

ഈ വർഷം പ്ലസ് ടു പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കാൻ സൗജന്യ ഓൺലൈൻ കോച്ചിംഗ് പ്രോഗ്രാമുമായി ടോട്ടം റിസോഴ്‌സ് സെന്റർ എത്തുന്നു. മേയ് ഏഴ് മുതലാണ് സ്റ്റെപ്പ്(സ്റ്റുഡന്റ് ട്രാൻസ്‌ഫോർമേഷൻ ആൻഡ് എംപവേർമെന്റ് പ്രോഗ്രാം) എന്നു പേരിട്ടിരിക്കുന്ന പരിശീലന പരിപാടി തുടങ്ങുന്നത്.

കൊവിഡ് പകർച്ചവ്യാധിമൂലം മിക്ക സർവകലാശാലകളുടെയും പ്രവേശന പരീക്ഷ അനിശ്ചിതമായി നീളുകയാണ്. ഈ സമയം വേണ്ട രീതിയിൽ വിനിയോഗിച്ചാൽ പ്രവേശന പരീക്ഷയിൽ വിജയം നേടാൻ കുട്ടികൾക്ക് സാധിക്കും എന്ന തിരിച്ചറിവിൽ നിന്നാണ് ടോട്ടം റിസോഴ്‌സ് സെന്റർ ഇത്തരത്തിലൊരു പരിപാടി വിഭാവനം ചെയ്തത്.

ശാസ്ത്രവുമായും സാമൂഹ്യശാസ്ത്രവുമായും ബന്ധപ്പെട്ട കോഴ്‌സുകൾ തിരഞ്ഞെടുക്കുന്നവർക്ക് വെവ്വേറെയാണ് പരിശീലനം. പ്ലസ് ടു സിലബസിന് പുറമെ ക്വാണ്ടിറ്റേറ്റിവ് അപറ്റിട്യൂഡ്, ലോജിക്കൽ റീസണിംഗ്, ഇംഗ്ലീഷ് ഗ്രാമർ, കോമ്പ്രിഹെൻഷൻ തുടങ്ങിയ വിഷയങ്ങളിലും ക്ലാസ്സുകൾ ഉണ്ടായിരിക്കും. ഏത് കോഴ്‌സ് തിരഞ്ഞെടുക്കാം, അഭിരുചിക്ക് അനുസരിച്ച് ഏത് കോഴ്‌സ് തിരഞ്ഞെടുക്കണം, എവിടെ പഠിക്കണം, എങ്ങനെ തയ്യാറെടുക്കണം എന്നെല്ലാമുള്ള കുട്ടികളുടെ സംശയങ്ങൾക്ക് വിദഗ്ധർ മറുപടി നൽകും.

ആൻഡ്രോയ്ഡ് ഫോണോ കമ്പ്യൂട്ടറോ ഉപയോഗിക്കുന്നവർക്ക് എളുപ്പത്തിൽ ഡൌൺലോഡ് ചെയ്തെടുക്കാവുന്ന ഡിസ്കോർഡ്(Discord) എന്ന ആപ്പ് ഉപയോഗിച്ചാണ് ഈ ക്ലാസുകൾ നടക്കുക. കേന്ദ്ര സർവകലാശാലകളിൽ പ്രാതിനിധ്യം കുറവുള്ള പാർശ്വവത്കൃത സമുദായങ്ങളിൽ നിന്നുള്ള കുട്ടികളെ പ്രത്യേകമായി പരിപാടിയിൽ ഉൾപ്പെടുത്താനുളള ശ്രമങ്ങൾ നടക്കുന്നുണ്ട്. അട്ടപ്പാടി കേന്ദ്രമായി പ്രവർത്തിക്കുന്ന തമ്പ് എന്ന സംഘടയും ഈ പരിപാടിയുമായി സഹകരിക്കുന്നുണ്ട്.

മേയ് ഏഴാം തീയതി മുതൽ വൈകീട്ട് ഏഴ് മുതൽ രാത്രി 10 മണി വരെയാണ് ക്ലാസുകൾ ഉണ്ടാവുക. ഓരോ മണിക്കൂറും നീണ്ടു നിൽക്കുന്ന മൂന്ന് ക്ലാസുകൾ ഓരോ ദിവസവും ഉണ്ടാവും.മേമെയ് മാസത്തിലെ 65 മണിക്കൂറുള്ള ആദ്യ ഘട്ടത്തിന് ശേഷം തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ജൂൺ മാസത്തിൽ തുടർപരിശീലനം നടത്തും. 6235912577 എന്ന നമ്പറിലേക്ക് വിളിച്ചോ പേര്, അഡ്രസ്, ഫോൺ നമ്പർ എന്നീ വിഷയങ്ങൾ എസ്.എം.എസ് ആയി അയച്ചോ മെയ് 7നു ഉച്ചക്ക് 2 മണിക്ക് മുൻപായി വിദ്യാർത്ഥികൾക്ക് രെജിസ്റ്റർ ചെയ്യാം. https://forms.gle/sGpby1dmXesTB4Q86 എന്ന ലിങ്കിലൂടെ വിവരങ്ങൾ ചേർത്തും രെജിസ്റ്റർ ചെയ്യാവുന്നതാണ്.

പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി, കൊൽക്കത്തയിലെ വിശ്വഭാരതി സർവകലാശാല, 8 സെൻട്രൽ യൂണിവേഴ്‌സിറ്റികളിലേക്കുള്ള പൊതു പരീക്ഷയായ സി.യു.സി.ഇ.ടി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി, ഐ.ജി.എൻ.ടി.യു, സുസന്തി പ്രോഗ്രാം എന്നിവിടങ്ങളിൽ ഉള്ള ഇന്റഗ്രെറ്റഡ് പി.ജി കോഴ്‌സുകൾ, ബി.എ, ബി.എസ്.സി കോഴ്‌സുകൾ, ബാചലർ ഓഫ് ഡിസൈൻ, ബാചലർ ഓഫ് ഫാഷൻ ടെക്‌നോളജി തുടങ്ങിയ കോഴ്‌സുകളിലേക്കായാണ് പരിശീലനം.