expats

യു.എ.ഇ: കൊവിഡ് 19നെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ നിന്ന് മടങ്ങുന്ന ഇന്ത്യക്കാരിൽ നിന്നും അമിത ടിക്കറ്റ് നിരക്ക് ഈടാക്കില്ലെന്ന് യു.എ.ഇ. ടിക്കറ്റ് നിരക്കുകളെ കുറിച്ച് ഇതുവരെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല. അതേസമയം,​ ഇന്ത്യൻ സിവിൽ ഏവിയേഷൻ,​ വിദേശകാര്യ മന്ത്രാലയവും വിമാനത്തുള്ളിൽ സാമൂഹിക അകലം പാലിക്കുന്നത് സംബന്ധിച്ച് മാനദണ്ഡങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

ടിക്കറ്റ് നിരക്ക് എല്ലാവർക്കും താങ്ങാനാവുന്ന രീതിയിലായിരിക്കും. നിരക്കിനെ കുറിച്ചുള്ള അന്തിമ തീരുമാനം യു.എ.യിലെ ഇന്ത്യൻ മിഷനുകൾ ഉടൻ വെളിപ്പെടുത്തും-ഉദ്യോഗസ്ഥർ പറഞ്ഞു. ആദ്യഘട്ട യാത്രയിൽ യു.എ.ഇ യില്‍ നിന്ന് രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ വ്യാഴാഴ്ച കേരളത്തില്‍ എത്തും.

ആദ്യ സംഘത്തില്‍ മടങ്ങുന്നവരുടെ പട്ടിക യു.എ.യിലെ ഇന്ത്യന്‍ എംബസി തയ്യാറാക്കി. അബുദാബി - കൊച്ചി, ദുബായ് - കോഴിക്കോട് എന്നിങ്ങനെയാണ് ആദ്യവിമാനങ്ങള്‍ സര്‍വീസ് നടത്തുക. വിദേശത്ത് നിന്ന് പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിനുള്ള വിമാന സർവീസ് ഷെഡ്യൂൾ കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കിയിരുന്നു. മേയ് എഴു മുതൽ ഏഴ് ദിവസത്തേക്കുള്ള പട്ടികയിൽ 64 സർവീസുകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

യു.എ.യിലെ ഇന്ത്യൻ പൗരന്മാരെ തിരിച്ചയക്കുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കുമെന്നും നാട്ടിലേക്ക് പോകുന്നവരുടെ പട്ടികയിലുള്ളവരെ ആവശ്യാനുസരണം വേർതിരിച്ചെടുക്കുമെന്നും യു.എ.യിലെ ഇന്ത്യൻ അംബാസിഡർ പവൻ കപൂർ പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു. എംബസി തയ്യാറാക്കിയിരിക്കുന്ന പട്ടികയിലെ പരമാവധി പേരെ ഇന്ത്യയിലേക്ക് കൊണ്ട് വരാനാണ് വിദേശകാര്യ മന്ത്രാലയം ലക്ഷ്യമിട്ടിരിക്കുന്നത്.

ആരൊക്കെ ഏത് വിമാനത്തിൽ യാത്ര ചെയ്യണം എന്നത് സംബന്ധിച്ച് കൃത്യമായ വിജ്ഞാപനമുണ്ട്. ഇതിനകം തങ്ങളുടെ വെബ്സെെറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുടെ പട്ടികയനുസരിച്ചാണ് തയ്യാറാക്കിയിട്ടുള്ലതെന്ന് ഒരാൾ പറഞ്ഞു. യു.എ.യിൽ കുടുങ്ങിക്കിടക്കുന്ന ഏകദേശം 200,​000 ഇന്ത്യക്കാർ വെബ്സെെറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആദ്യം യാത്ര ചെയ്യുന്നവരിൽ ജോലി നഷ്ടപ്പെട്ടവര്‍,​ മെഡിക്കൽ കേസുകൾ,​ ഗർഭിണികൾ,​ ടൂറിസ്റ്റ് സന്ദർശക വിസകൾ ആദ്യം യാത്ര ചെയ്യുന്നവരിൽ ഉൾപ്പെടുത്തും.