ബ്രസൽസ്: കൊവിഡ് ചികിത്സയ്ക്കും ഗവേഷണത്തിനുമായി ലോക രാജ്യങ്ങളും സംഘടനകളും 800 കോടി ഡോളർ നൽകും. യൂറോപ്യൻ യൂണിയൻ ആതിഥേയത്വം വഹിച്ച ഒരു ഓൺലൈൻ ഉച്ചകോടിയിലാണ് തീരുമാനം കൈക്കൊണ്ടത്.
മുപ്പതോളം രാജ്യങ്ങൾ, ഐക്യരാഷ്ട്ര സഭ, ജീവകാരുണ്യ സംഘടനകൾ, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവർ സംഭാവനകൾ നൽകാൻ സന്നദ്ധത അറിയിച്ചു. ഗായിക മഡോണ 10 ലക്ഷം ഡോളറും യൂറോപ്യൻ കമ്മീഷൻ 100 കോടി ഡോളറും വാഗ്ദാനം ചെയ്തു.
വാക്സിൻ ഗവേഷണം, രോഗനിർണയം, ചികിത്സ എന്നിവയ്ക്കായി ഏതാനും മണിക്കൂറുകള്‍ക്കുള്ളിൽ 800 കോടി ഡോളർ ഞങ്ങൾ ഒരുമിച്ച് സമാഹരിച്ചുവെന്ന് ഉച്ചകോടിയിൽ അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ച യൂറോപ്യൻ കമ്മിഷൻ മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു. ആഗോള സഹകരണത്തിന് ഇത് സഹായിക്കുമെന്നും അവർ കൂട്ടിച്ചേര്‍ത്തു. സംഘാടകരിൽ യൂറോപ്യൻ യൂണിയനും ഇ.യു ഇതര രാജ്യങ്ങളായ ബ്രിട്ടൻ, നോർവേ, സൗദി അറേബ്യ എന്നിവരുമുണ്ട്. വൈറസിൻ്റെ പ്രഭവകേന്ദ്രമായ ചൈനയെ പ്രതിനിധീകരിച്ച് യൂറോപ്യൻ യൂണിയനിലെ അംബാസഡർ മാത്രമാണ് പങ്കെടുത്തത്.
ലോകരാജ്യങ്ങളും സംഘടനകളും അടക്കം കോടികൾ വാഗ്ദാനം ചെയ്തപ്പോൾ സംഭാവന നൽകാന് വിസമ്മതിച്ച അമേരിക്ക യോഗത്തിൽ പങ്കെടുത്തുമില്ല. റഷ്യയും യോഗത്തിൽ നിന്ന് വിട്ടു നിന്നു.