ദുബായ്: ലോകത്തിനു മുന്നിൽ വിസ്മയങ്ങൾ തീർക്കാൻ തയാറെടുപ്പുകൾ നടത്തി ദുബായ് കാത്തിരുന്ന ആഗോള വ്യാപാര മേളയായ ദുബായ് എക്സ്പോ 2020 ഒക്ടോബർ ഒന്നിന് ആരംഭിച്ചേക്കും. 2021 ഒക്ടോബർ ഒന്നുമുതൽ 2022 മാർച്ച് 31വരെ എക്സ്പോ നടക്കാൻ സാധ്യതയേറിയതായി ബ്യൂറോ ഇൻറർനാഷനൽ ഡെസ് എക്സ്പോസിഷൻസ് (ബി.ഐ.ഇ) സെക്രട്ടറി ജനറൽ ദമിത്രി എസ്. കെർകന്റസ് ട്വിറ്ററിൽ കുറിച്ചു. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. ബി.ഐ.ഇ അംഗരാജ്യങ്ങൾക്കിടയിൽ നടക്കുന്ന വോട്ടെടുപ്പ് പൂർത്തിയായശേഷം മാത്രമായിരിക്കും എക്സ്പോ നടക്കുന്ന തീയതികൾ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്. കൊവിഡ്-19 വൈറസ് തീർത്ത മഹാമാരിയിൽ ലോകം അകപ്പെട്ടതോടെ ദുബായ് എക്സ്പോ 2020 ഒരു വർഷത്തേക്ക് നീട്ടിവെക്കണമെന്ന് ശുപാർശ ബ്യൂറോ ഇൻറർനാഷനൽ ഡെസ് എക്സ്പോസിഷൻ (ബി.ഐ.ഇ) എക്സിക്യൂട്ടിവ് കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ചിരുന്നു. ലോകം മുഴുവൻ ദുബായിലെത്തുന്ന മെഗാ മേളയിൽ പങ്കാളികളാവുന്ന അംഗരാജ്യങ്ങളിലെ ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ചും കൊവിഡ് മാരിക്കെതിരെ ലോകം ഒറ്റക്കെട്ടായി പോരാട്ടം തുടരേണ്ടതിന്റെയും പശ്ചാത്തലത്തിലാണ് യു.എ.ഇയുടെ അംഗരാജ്യങ്ങളും എക്സ്പോ 2020 നീട്ടിവെക്കണമെന്ന തരത്തിൽ നിർദേശം മുന്നോട്ടുവെച്ചത്. തീയതി മാറ്റുന്നത് ഉൾപ്പെടെയുള്ള സുപ്രധാന തീരുമാനങ്ങളിൽ ഓർഗനൈസേഷന്റെ അംഗരാജ്യങ്ങളിൽനിന്ന് മൂന്നിൽ രണ്ട് ഭൂരിപക്ഷ വോട്ടുകൾ ആവശ്യമായതിനാൽ വോട്ടെടുപ്പ് നടത്താനായിരുന്നു തീരുമാനം. ഏപ്രിൽ 24ന് തുടങ്ങിയ വെർച്വൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. മേയ് 29ന് വോട്ടെടുപ്പ് പൂർണമാകുന്നതോടെ പുതിയ തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ബി.ഐ.എ.ഇ പുറത്തുവിട്ട പുതിയ തീരുമാനം ദുബായ് എയർപോർട്സ് ചെയർമാനും ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും എമിറേറ്റ്സ് ഗ്രൂപ്പ് ചെയർമാനും സി.ഇ.ഒയും എക്സ്പോ 2020 ദുബായ് ഹയർ കമ്മിറ്റി ചെയർമാനുമായ ശൈഖ് അഹമദ് ബിൻ സയീദ് അൽ മക്തൂം സ്വാഗതം ചെയ്തു. ലോകത്തിന്റെ കാത്തിരിപ്പിന് അറുതിവരുത്തുന്ന എക്സ്പോ 2020 ആരംഭിക്കുന്നതോടെ ലോകം ദുബായിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ദുബായ് എക്സ്പോ 2020 ഭംഗിയായി നടത്തുവാൻ ഇൗ തീരുമാനം ഏറെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എങ്കിലും മെഗാമേളയുടെ ഔദ്യോഗിക പേര് ദുബായ് എക്സ്പോ 2020 എന്ന് ഉപയോഗിക്കുന്നത് തുടരാൻ അനുമതി നൽകണമെന്ന യു.എ.ഇ സർക്കാറിന്റെ ആവശ്യം ബി.ഐ.ഇ പരിഗണിച്ചേക്കുമെന്നാണ് സൂചന. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 25 ദശലക്ഷത്തിലധികം പേരെയാണ് ദുബായ് സന്ദർശകരായി എക്സ്പോ നഗരിയിലേക്ക് പ്രതീക്ഷിക്കുന്നത്.