ഇതുവരെ പറഞ്ഞത് വിവിധ ദിശകളും അവയ്ക്കുള്ള പ്രാധാന്യവുമാണ്. ഇനി വീടും കെട്ടിടങ്ങളും നിർമ്മിക്കാനായി വസ്തു തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇക്കുറി വിശദമാക്കുന്നത്. വീട് നിർമ്മിക്കുന്നത് എവിടെയൊക്കെയാവാം, എന്തൊക്കെ ശ്രദ്ധിക്കണം എന്നത് മിക്കവരുടെയും സംശയമാണ്. വളരെ ചെറിയ ഒരു ശ്രദ്ധയുണ്ടെങ്കിൽ ദോഷങ്ങളില്ലാതെ വീട് വയ്ക്കാൻ സ്ഥലം കണ്ടെത്താം. വാങ്ങുന്ന സ്ഥലമായിരിക്കില്ല പലപ്പോഴും നമുക്ക് വീട് വയ്ക്കാൻ കിട്ടുക. കുടുംബഓഹരി പ്രകാരമോ, ഇഷ്ടദാനമായി മക്കൾക്ക് കിട്ടുന്നതോ ഒക്കെയാവാം. മൂന്ന് സെന്റുമുതൽ എത്രയായാലും അത് വാങ്ങുന്നതാണെങ്കിൽ നോക്കി മാത്രമേ വാങ്ങാവൂ. വസ്തുവിനും സമീപ പ്രദേശങ്ങൾക്കും വലിയ പ്രാധാന്യം തന്നെയുണ്ട്. റോഡിനും മുഖ്യ ബന്ധമുണ്ട്. വാങ്ങുന്ന വസ്തു വടക്കോട്ടോ കിഴക്കോട്ടോ ചരിഞ്ഞതായാൽ നന്ന്. ഇനി ചരിവില്ലെങ്കിൽ ഇത്തരത്തിൽ ചരിവ് ആക്കിയെടുക്കാവുന്നതേയുള്ളു. പരമാവധി സമചതുരത്തിലോ ,ദീർഘ ചതുരത്തിലോ ഉള്ള ഭൂമിയാണ് ഉത്തമം. ഭൂമിയിൽ തള്ളലുകൾ അഥവാ വസ്തു ഏതെങ്കിലും ഭാഗത്ത് വളർന്നാൽ ആ ഭാഗം ഒഴിവാക്കി ക്രമപ്പെടുത്താം. എന്നാൽ വസ്തുവിന്റെ വടക്കുകിഴക്ക് ഭാഗത്തെ വളർച്ച മാറ്റേണ്ടതില്ല. അത് ഒത്തിരി ഭാഗ്യം തരുന്നതാണ്. എന്നാൽ ബാക്കി ഒരു ദിശയിലും വളർന്നു നിൽക്കുന്ന ഭൂമി വീടിന് അനുയോജ്യമല്ല. ഭൂമിയുടെ വളർച്ച ഒഴിവാക്കി ഉപയോഗിക്കാം. പക്ഷേ അതിന് മതിൽ കെട്ടിതിരിച്ചതു കൊണ്ടു മാത്രം ദോഷം ഒഴിവാകില്ല. ബന്ധപ്പെട്ട വീട്ടുകാരുടെ പേരിൽ നിന്ന് അത് ഒഴിവാക്കണം.അതായത് വിൽക്കുകയോ മറ്റാരുടെയെങ്കിലും പേരിലേയ്ക്ക് മാറ്റുന്നതോ ആകാം നല്ലത്. മതിൽ കെട്ടിയാൽ ഊർജ സ്രോതസ് ക്രമപ്പെടില്ലേ, അപ്പോൾ പിന്നെ വിൽക്കേണ്ടതുണ്ടോ, പേരിൽ നിന്ന് മാറ്റേണ്ടതുണ്ടോ എന്നൊക്കെ ചോദിക്കുന്നവരുണ്ട്. മതിൽ മാത്രം കെട്ടിയ നൂറ് കണക്കിന് ആളുകൾക്ക് പിന്നീടും ദുരന്തങ്ങൾ ഒഴിയാത്തതായി കണ്ടെത്തിയിട്ടുണ്ട്.
വസ്തുവിന്റെ വടക്ക് ഭാഗം വലിയ മലയോ കയറ്റമോ, വലിയകുന്നോ ഒക്കെ ഉണ്ടെങ്കിൽ അത് ക്രമപ്പെടുത്തുന്നത് ബുദ്ധിമുട്ടാവും. അപ്പോൾ അത് ഉപേക്ഷിക്കുന്നതാണ് നല്ലത്. ഇല്ലെങ്കിൽ അവിടെ സ്ത്രീകൾ വാഴില്ലെന്ന് മാത്രമല്ല അവർക്ക് കൊടിയ രോഗവും വരുമാനമില്ലായ്മയുമൊക്കെ ഉണ്ടാവാം. വസ്തുവിന്റെ തെക്കോ , പടിഞ്ഞാറോ ഇത്തരത്തിൽ മലയോ കുന്നോ വരുന്നത് നല്ല ഫലം തരും. പക്ഷേ കിഴക്കും വടക്കും റോഡുണ്ടാകണം. വസ്തുവിന്റെ നടുഭാഗം ഉയർന്നിരിക്കുന്നത് വീടിന് അഭികാമ്യമല്ല. തെക്ക് വടക്കായി നീണ്ട വസ്തുവോ, കിഴക്ക് പടിഞ്ഞാറായി നീണ്ട വസ്തുവോ വീട് വയ്ക്കാൻ ഉപയോഗിക്കാം. സമചതുരത്തിൽ കിട്ടിയാൽ ഉത്തമം. വടക്കോ, കിഴക്കോ, പുഴയോ ആറോ നദിയോ ഒക്കെയുള്ളത് നല്ലതാണ്. എന്നാൽ താമസിക്കാൻ ഉദ്ദേശിക്കുന്ന വസ്തുവിന്റെ തെക്കോ, പടിഞ്ഞാറോ, പുഴയും നദിയും ആറുമൊക്ക വരുന്നത് നല്ലതല്ല. പരമാവധി മതിൽ കെട്ടി അടച്ചുറപ്പിച്ചേ ഇവിടെ വീട് വയ്ക്കാവൂ. പുഴയ്ക്ക് മുഖമായി വീടുവച്ചാൽ പോലും മതിൽ കെട്ടിയതിനു ശേഷമേ വീട് പണിയാവൂ. നിലവിലുള്ള വീടുകൾക്ക് ഇത്തരം പ്രശ്നങ്ങ ളുണ്ടെങ്കിൽ അത് ഭൂമിയെ ക്രമപ്പെടുത്തി മാറ്റണം. വീട്ടിൽ കാര്യമായ പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ അവിടെ വാസ്തു ദോഷമില്ലെന്ന് വരാം. പക്ഷേ തുടർച്ചയായ പ്രശ്നങ്ങൾ വാസ്തുദോഷം തന്നെയാവാം. അത് പരിഹരിക്കണം.
സംശയങ്ങളും മറുപടിയും
സെപ്റ്റിക്ക് ടാങ്ക് തെക്ക് കിഴക്ക് പണിയാമോ?
ശ്രീദേവി അന്തർജ്ജനം,
ഒളരി, തൃശ്ശൂർ
വടക്ക്, വടക്ക് കിഴക്ക്, തെക്ക്, തെക്ക് പടിഞ്ഞാറ്, പടിഞ്ഞാറ് എന്നിവിടങ്ങളിൽ സെപ്റ്റിക്ക് ടാങ്ക് നിർമ്മിക്കാൻ പാടില്ല. വടക്ക് പടിഞ്ഞാറിന്റെ വടക്കിലാണ് ഉത്തമം. തെക്ക് കിഴക്ക് അഗ്നിമൂലയിൽ സെപ്റ്റിക്ക് ടാങ്ക് പണിയാമെന്ന് ചിലർ പറയാറുണ്ട്. അഗ്നി, എല്ലാത്തിനെയും ശുദ്ധി ചെയ്യുമെന്ന വാദമാണത്. അത് പാടില്ല. ആശുപത്രി വാസവും നഷ്ടങ്ങളും തുടർച്ചയായ രോഗങ്ങളും കേസുകളും വഴക്കുമൊക്കെയാണ് അഗ്നിയിയിൽ സെപ്ടിക്ക് ടാങ്ക് ഉണ്ടാക്കിയാലുള്ള ഫലം.